മുംബൈ- ഷീന ബോറയെ കൊലപ്പെടുത്തിയിട്ടില്ലെന്നും മകള്‍ ജീവനോടെയുണ്ടെന്നും അവകാശപ്പെട്ട് ഇന്ദ്രാണി മുഖര്‍ജി സിബിഐക്ക് കത്തയച്ചു. ഷീന കശ്മരില്‍ ജീവിച്ചിരിപ്പുണ്ടെന്നും അന്വേഷിക്കണമെന്നും സി.ബി.ഐ ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ ഇന്ദ്രാണി പറയുന്നു. ഷീന ബോറ വധക്കേസില്‍ 2015 മുതല്‍ ഇന്ദ്രാണി മുഖര്‍ജി ബൈക്കുള ജയിലിലാണ്.
ഇന്ദ്രാണി മുഖര്‍ജി തന്റെ മക്കളായ ഷീനയെയും മിഖായേലിനെയും ഉപേക്ഷിച്ച് മീഡിയ എക്‌സിക്യൂട്ടീവായ പീറ്റര്‍ മുഖര്‍ജിയെ വിവാഹം കഴിച്ചിരുന്നു. ഒരു മാഗസിനില്‍ ഇന്ദ്രാണിയുടെ ഫോട്ടോ കണ്ടപ്പോഴാണ് ഷീന അമ്മയെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന് ഷീന അമ്മയെ തിരക്കി മുംബൈയില്‍ എത്തുകയും ഇന്ദ്രാണി അവളെ തന്റെ സഹോദരിയായി പരിചയപ്പെടുത്തുകയും ചെയ്തു. ഭര്‍ത്താവ് പീറ്ററിനോട് പോലും സഹോദരി എന്നാണ് പറഞ്ഞിരുന്നത്.
മുംബൈയില്‍ വെച്ച് തനിക്ക് ഒരു വീട് വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷീന സ്ഥിരം ഇന്ദ്രാണിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടെ ഇന്ദ്രാണിയുടെ ഭര്‍ത്താവ് പീറ്ററിന്റെ ആദ്യ വിവാഹത്തിലുള്ള മകനായ രാഹുലും ഷീനയും തമ്മില്‍ പ്രണയത്തിലായിരുന്നു. തുടര്‍ന്ന് 2012 മുതല്‍ ഷീന ബോറയെ കാണാതായി. ഇന്ദ്രാണിയുടെ ഡ്രൈവര്‍ ഷ്യാംവര്‍ റായ് തോക്കുമായി അറസ്റ്റിലായതോടെയാണ് ഷീന കൊലക്കേസ് പുറംലോകം അറിയുന്നത്. ഷ്യാംവറാണ് കൊലപാതക വിവരം മുംബൈ പോലീസിനെ അറിയിച്ചത്.ഇന്ദ്രാണി ഷീനയെ മുംബൈയിലെ ബാന്ദ്രയില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം റായ്ഗഡ് ജില്ലയില്‍ അവളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിച്ചു. ഷീനയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി അന്വേഷണ ഏജന്‍സികള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ അവകാശവാദങ്ങള്‍ ഇന്ദ്രാണി നിഷേധിച്ചു. ഇന്ദ്രാണിക്ക് പുറമേ അവരുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ഈ കേസില്‍ അറസ്റ്റിലായിരുന്നു. ഇവരുടെ ജാമ്യാപേക്ഷ കഴിഞ്ഞ മാസം ബോംബെ ഹൈക്കോടതി തള്ളുകയും തുടര്‍ന്ന് അഭിഭാഷകയായ സന ഖാന്‍ മുഖേന സുപ്രിം കോടതിയെ സമീപിക്കുകയും ചെയ്യ്തിരുന്നു.