വാഷിങ്ടന്‍- ചരിത്രത്തിലാദ്യമായി ഒരു മനുഷ്യനിര്‍മിത വസ്തു സൂര്യന്റെ തൊട്ടടുത്ത് വരെ എത്തി. യുഎസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ സൗര പര്യവേക്ഷണ പേടകമായ പാര്‍ക്കര്‍ സോളാര്‍ പ്രോബ് ആണ് സൂര്യന്റെ ബാഹ്യാന്തരീക്ഷമായ കോറോണയും കടന്ന് കത്തിജ്ജ്വലിക്കുന്ന സൂര്യന്റെ അടുത്തുവരെ ചെന്നത്. പുറത്തു നിന്നുള്ള ഒരു വസ്തു കൊറോണയുടെ അതിര്‍ത്തി ഭേദിക്കുന്നത് ഇതാദ്യമായാണ്. ഏപ്രില്‍ 28നാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഈ ചരിത്ര നേട്ടം കൈവരിച്ചതെന്ന് നാസ അറിയിച്ചു. ഇതു സംബന്ധിച്ച വിവരങ്ങള്‍ വിശകലനം ചെയ്ത് സ്ഥിരീകരിച്ച ശേഷം ഇപ്പോഴാണ് പ്രഖ്യാപനം നടത്താന്‍ കഴിഞ്ഞതെന്നു മാത്രം.
സൂര്യന്റെ ബാഹ്യാന്തരീക്ഷത്തിലെ കാന്തിക മണ്ഡലങ്ങളും സൂക്ഷ്മ വസ്തുക്കളും സംബന്ധിച്ച വിവരങ്ങള്‍ പേടകം ശേഖരിച്ചു. സൗര ശാസ്ത്രരംഗത്ത് ഈ നേട്ടം ഒരു നാഴികക്കല്ലാണെന്ന് നാസ വിശേഷിപ്പിച്ചു. സൂര്യനെ സംബന്ധിച്ച പല നിര്‍ണായക വിവരങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് ഈ പര്യവേക്ഷണം സഹായകമാകും. പേടകം ഇപ്പോള്‍ സൗരോപരിതലത്തോട് അടുത്ത് ഭ്രമണം ചെയ്തുകൊണ്ടിരിക്കുകയാണ്. 2018ലാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ് പദ്ധതി ആരംഭിച്ചത്. കൊടുചൂട് പ്രതിരോധിക്കാനുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പേടകം നിര്‍മ്മിച്ചിരിക്കുന്നത്.