ജയ്പൂര്‍- കാമുകിയുടെ ഭര്‍ത്താവ് കയ്യോട് പിടികൂടുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ താഴേക്ക് ചാടിയ 29കാരന്‍ മരിച്ചു. ജയ്പൂരിലാണ് സംഭവം. യുപി സ്വദേശിയായ മുഹ്‌സിന്‍ ആണ് മരിച്ചത്. ഭര്‍തൃമതിയായ ഒരു യുവതിയുമായി ലിവിന്‍ റിലേഷന്‍ഷിപ്പിലായിരുന്നു മുഹ്‌സിന്‍. യുവതിക്കും അവരുടെ ചെറിയ മകള്‍ക്കുമൊപ്പം ജയ്പൂരിലെ ഫ്‌ളാറ്റിലായിരുന്നു താമസം. രണ്ട് വര്‍ഷം മുമ്പ് നൈനിറ്റാളില്‍ നിന്നാണ് യുവതി മുഹ്‌സിനൊപ്പം ഒളിച്ചോടിയത്. ഇതിനുശേഷം ഭര്‍ത്താവ് യുവതിയെ തിരഞ്ഞ് വരികയായിരുന്നു. ജയ്പൂരില്‍ ഉണ്ടെന്ന് അറിഞ്ഞാണ് ഭര്‍ത്താവ് ഇവിടെ എത്തിയതെന്ന് പ്രതാപ് നഗര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബല്‍വീര്‍ സിങ് പറഞ്ഞു.
ഞായറാഴ്ചയാണ് യുവതിയുടെ താമസ്ഥലത്ത് ഭര്‍ത്താവ് എത്തിയത്. കാമുകിയുടെ ഭര്‍ത്താവിനെ കണ്ട് ഞെട്ടിയ മുഹ്‌സിന്‍ ഫ്‌ളാറ്റിന്റെ ബാല്‍ക്കെണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. യുവതി മുഹ്‌സിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരിച്ചതായും പോലീസ് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് യുവതിയും മുഹ്‌സിനും ഈ ഫ്‌ളാറ്റിലേക്ക് താമസം മാറിയത്. സംഭവത്തിനു ശേഷം യുവതിയേയും ഭര്‍ത്താവിനേയും കാണാനില്ല. ഇവരെ തിരയുകയാണെന്ന് പോലീസ് പറഞ്ഞു. മുഹ്‌സിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.