റിയാദ് - സൗദി അറേബ്യയുടെ പൊതുകടം മൂന്നു വർഷത്തിനുള്ളിൽ മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 25.4 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ജദ്‌വ ഇൻവെസ്റ്റ്‌മെന്റ് കമ്പനി പറഞ്ഞു. ഈ വർഷം രാജ്യത്തിന്റെ പൊതുകടം മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 29.2 ശതമാനമാണ്. 2024 ൽ ഇത് 25.4 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത വർഷം സൗദി അറേബ്യ 90 ബില്യൺ റിയാൽ മിച്ചം നേടുമെന്നാണ് കണക്കാക്കുന്നത്. അടുത്ത വർഷം പൊതുവരുമാനം 1.05 ട്രില്യൺ റിയാലായാണ് ബജറ്റിൽ കണക്കാക്കിയിരിക്കുന്നത്. നേരത്തെ കണക്കാക്കിയിരുന്നതിലും 16 ശതമാനം കൂടുതലാണിത്. അടുത്ത കൊല്ലം പൊതുവരുമാനം 903 ബില്യൺ റിയാലായിരിക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്.
അടുത്ത വർഷം നേടുന്ന മിച്ചം മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ രണ്ടര ശതമാനത്തിന് തുല്യമായിരിക്കും. 2023, 2024 വർഷങ്ങളിലും ബജറ്റ് മിച്ചം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോളിയം മേഖലയിലെ ശക്തമായ വളർച്ചയുടെ ഫലമായി അടുത്ത കൊല്ലം സൗദി അറേബ്യ 7.4 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്നും കണക്കാക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലിന്റെയും ഉണർവിന്റെയും വാക്‌സിനേഷൻ അനുപാതത്തിലെ വർധനവിന്റെയും ഫലമായി അടുത്ത വർഷം ആഗോള തലത്തിൽ എണ്ണയാവശ്യം നാലു ശതമാനം തോതിൽ വർധിക്കും. അടുത്ത കൊല്ലം പ്രതിദിന എണ്ണയാവശ്യം 101 ദശലക്ഷം ബാരൽ ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജദ്‌വ ഇൻവെസ്റ്റ്‌മെന്റ് കമ്പനി പറഞ്ഞു.