ന്യൂദൽഹി- ഫെബ്രുവരി 16ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ വർഷ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കു വേണ്ടി സംഘടിപ്പിച്ച 'പരീക്ഷ പേ ചർച്ച' പ്രക്ഷേപണം എല്ലാ വിദ്യാർത്ഥികളേയും കാണിച്ചുവെന്നതിന് തെളിവു നൽകണമെന്ന് സ്‌കൂളുകളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. മോഡിയുടെ പ്രസംഗം കേൾക്കുന്ന കുട്ടികളുടെ ചിത്രം അല്ലെങ്കിൽ വീഡിയോ തെളിവായി നൽകണമെന്നാണ് ആവശ്യം. മോഡിയുടെ പ്രഭാഷണത്തിനു തൊട്ടുപിറകെ തന്നെ മാനവ വിഭവ വികസന മന്ത്രാലയം ഇതു സംബന്ധിച്ച നിർദേശം എല്ലാ സംസ്ഥാനങ്ങൾക്കും നൽകിയിരുന്നു. ഇതു പ്രകാരം സംസ്ഥാന സർക്കാരുകളാണ് ഫെബ്രുവരി 19നകം തെളിവുകൾ സമർപ്പിക്കാൻ സ്‌കൂളുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ജില്ലാ വിദ്യാഭ്യാസ അധികാരികൾക്ക് അയച്ച സർക്കുലറുകളിൽ ഒരു പ്രത്യേക ഫോമും ഉൾപ്പെടുത്തിയിരുന്നു. ഇതിൽ സ്‌കൂളുകളുടെ എണ്ണം, മൊത്തം വിദ്യാർത്ഥികളുടെ എണ്ണം, മോഡിയുടെ പ്രസംഗം കേൾപ്പിച്ച സ്‌കൂളുകളുടേയും കേട്ട കുട്ടികളുടേയും എണ്ണം എന്നിവ സംബന്ധിച്ച വിശദാംശങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റേഡിയോ, വെബ് സ്ട്രീമിങ്, ടി.വി, സർക്കാരിന്റെ മറ്റു വെബ്‌സൈറ്റുകൾ തുടങ്ങി ഏതെങ്കിലും മാധ്യമത്തിലൂടെ പ്രസംഗം കേട്ടിരിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ ഇതു നിർബന്ധമല്ലെന്നും ഒരു പതിവ് രീതി അനുസരിച്ച് ഫീഡ്ബാക്ക് തേടിയതാണെന്നും ഒരു മുതിർന്ന മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.