Sorry, you need to enable JavaScript to visit this website.

ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് പുറത്തുവിട്ടത് അധാര്‍മികം- മന്ത്രി ആര്‍. ബിന്ദു

തിരുവനന്തപുരം- കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ശരിവെച്ച കോടതി വിധിയെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു സ്വാഗതം ചെയ്തു. മറ്റു കാര്യങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ല. ചാന്‍സലറും പ്രോ - ചാന്‍സലറും തമ്മിലുള്ള ആശയവിനിമയം പരസ്യമാക്കുന്നത് ശരിയല്ല. സെര്‍ച്ച് കമ്മറ്റിയെ പിരിച്ചുവിട്ടതിനെപ്പറ്റി ഗവര്‍ണറോട് തന്നെ ചോദിക്കണമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ തന്റെ പിതാവിന്റെ പ്രായമുള്ള ആളാണ്. തന്നേക്കാള്‍ അനുഭവസമ്പത്തും ജീവിതാനുഭവവുമുള്ള അദ്ദേഹത്തെപ്പറ്റി പരസ്യമായി പ്രതികരിക്കാനില്ല. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടത്തുന്ന ആശയവിനിമയം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്നത് ധാര്‍മികമല്ല' -  വി.സിയുടെ പുനര്‍നിയമനം ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി വന്നതിനു പിന്നാലെ മന്ത്രി പ്രതികരിച്ചു.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ഹൈക്കോടതി ബുധനാഴ്ച ശരിവെച്ചിരുന്നു. പുനര്‍ നിയമനം നല്‍കിയത് ചോദ്യം ചെയ്തുളള ഹരജിയിലായിരുന്നു വിധി. വിവിധ സര്‍വകലാശാലകളിലെ വി.സി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ചാന്‍സലറായ ഗവര്‍ണറും തമ്മില്‍ ഉടലെടുത്ത രൂക്ഷമായ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് സര്‍ക്കാരിന് ആശ്വാസകരമായ വിധി വന്നത്.

 

Latest News