തിരുവനന്തപുരം- ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പൊതുമധ്യത്തിൽ അപമാനിച്ച പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം സർക്കാർ സ്വീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. അൻപത് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി പെൺകുട്ടി ആവശ്യപ്പെട്ടത്. ഇത്രയും തുക നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പോലീസ് ഉദ്യോഗസ്ഥ മോഷണക്കുറ്റം ആരോപിച്ച് വിചാരണ ചെയ്യുന്നത് അംഗീകരിക്കാനാകില്ല. പെൺകുട്ടി കടുത്ത മാനസിക പീഡനത്തിനാണ് ഇരയായത്. നമ്പി നാരായണൻ കേസിന് സമാനമായ രീതിയിൽ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.