കൊഹിമ- തൊഴിലാളികളായ 14 പേരെ സൈന്യം വെടിവച്ചു കൊന്ന സംഭവത്തില്‍ സൈന്യത്തിനെതിരെ നാഗാലാന്‍ഡിലുടനീളം പ്രതിഷേധം ശക്തിപ്പെടുന്നു. ഗോത്രങ്ങളുടെ നേതൃത്വത്തില്‍ സൈന്യത്തോട് നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ് പലയിടത്തും. സംഭവം നടന്ന മോണ്‍ ജില്ലയിലെ കോന്‍യാക് നാഗ് ഗോത്രത്തിനു പിന്നാലെ മറ്റൊരു ഗോത്ര സംഘടനയും അഞ്ചു ജില്ലകളില്‍ സൈന്യത്തോട് നിസ്സഹകരണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച എല്ലാ ഗോത്ര ആസ്ഥാനങ്ങളിലും പൊതുറാലി സംഘടിപ്പിക്കും.
തങ്ങളുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കുകയും കൊല്ലപ്പെട്ട 14 പേര്‍ക്ക് നീതി ലഭിക്കുകയും ചെയ്യുന്നതുവരെ സുരക്ഷാ സേനയോട് നിസ്സഹകരണം തുടരുമെന്നാണ് ഇവരുടെ പ്രഖ്യാപനം. ദേശീയ ആഘോഷ പരിപാടികള്‍, കരസേനയുടെ പരിപാടികള്‍ എന്നിവയുമായി സഹകരിക്കില്ലെന്നും ഇത്തരം പരിപാടികളിലേക്കുള്ള ക്ഷണം സ്വീകരിക്കില്ലെന്നും ഈസ്റ്റേണ്‍ നാഗാലാന്‍ഡില്‍ സൈനിക റിക്രൂട്ട്മന്റ് അനുവദിക്കില്ലെന്നും ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍ പ്രഖ്യാപിച്ചു. മോണ്‍, തുവെന്‍സാങ്, ലോംഗ്‌ലെങ്, കിഫിരെ, നോക്‌ലാക് ജില്ലകളില്‍ സ്വാധീനമുള്ള സംഘടനയാണിത്. സൈന്യം നടത്തിയ കൂട്ടക്കൊല സംബന്ധിച്ച പാര്‍ലമെന്റില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തെറ്റായ വിവരം അനുസരിച്ച് സൈന്യം നടത്തിയ ഓപറേഷനിലാണ് 14 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടത്.