ന്യൂദല്‍ഹി- യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ സമരം ചെയ്ത കര്‍ഷകര്‍ക്കുമേല്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ വാഹനം ഇടിച്ചു കയറ്റി എട്ടു പേരെ കൂട്ടക്കൊല ചെയ്ത സംഭവം ആസൂത്രിത കൊലപാതകമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് രാഹുല്‍ നോട്ടീസ് നല്‍കി. കേസില്‍ മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയാണ് മുഖ്യപ്രതി. ആശിഷ് ആണ് വാഹനം ഓടിച്ചിരുന്നതെന്നും അപകടമല്ല, അദ്ദേഹം കരുതിക്കൂട്ടി കര്‍ഷകര്‍ക്കുമേല്‍ ഇടിച്ചുകയറ്റുകയായിരുന്നുവെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ടിലുള്ളത്.
ഇതു സഭ ചര്‍ച്ച ചെയ്യണമെന്ന് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. മന്ത്രിയുടെ മകനെതിരെ ഗുരുതരമായ കൂടുതല്‍ കുറ്റങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതിയ പോലീസ് റിപോര്‍ട്ട്. പ്രതിപക്ഷത്തിന്റെ പ്രതിഷേധം മൂലം രാജ്യസഭയും ലോക്‌സഭയും നേരത്തെ തന്നെ നിര്‍ത്തിവച്ചു. ലഖിംപൂരില്‍ കര്‍ഷകരെ കൂട്ടക്കൊല ചെയ്ത സംഭവമാണ് യുപി പോലീസ് പ്രത്യേക അേന്വഷണ സംഘ(എസ്‌ഐടി)ത്തിന്റെ റിപോര്‍ട്ടില്‍ തുറന്നു കാട്ടുന്നത്. അത് അപകടമായിരുന്നില്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയായിരുന്നെന്നും വ്യക്തമായിരിക്കുകയാണ്-രാഹുല്‍ ചൂണ്ടിക്കാട്ടി.