ന്യൂദല്‍ഹി- കിരാത നിയമമായ യുഎപിഎ ചുമത്തി രാജ്യത്ത് അറസ്റ്റ് ചെയ്യപ്പെടുന്നവരില്‍ പകുതിയിലേറെ പേരും 30 വയസ്സില്‍ താഴെ പ്രായമുള്ളവര്‍. യുപി, മണിപ്പൂര്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കളാണ് ഭൂരിപക്ഷം പേരും. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് ഉത്തരമായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎപിഎയിലെ കടുത്ത വകുപ്പുകള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളും പൗരാവകാശപ്രവര്‍ത്തകരും അക്കാഡമിക് രംഗത്തുള്ളവരും നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും നിയമത്തില്‍ ഒരു ഭേദഗതിയും ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
2018നും 2020നുമിടയില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് 4690 പേരേയാണ്. ഇവരില്‍ 2501 പേരുടേയും, അതായത് 53.32 ശതമാനം, വയസ്സ് 30 താഴെ മാത്രമാണ്. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ യുഎപിഎ അറസ്റ്റുകള്‍ രേഖപ്പെടുത്തിയത് യുപിയിലാണ്. 1338 പേര്‍. ഇവരില്‍ 931 പേരും (69.58 ശതമാനം) മുപ്പത് വയസ്സില്‍ താഴെയുള്ളവരാണ്. യുഎപിഎ അറസ്റ്റുകളില്‍ രണ്ടാം സ്ഥാനത്ത് മണിപ്പൂരാണ്. 934 പേര്‍. ഇവരില്‍499 പേര്‍, അതായത് 52.91 ശതമാനം പേരാണ് 30 വയസ്സിന് താഴെയുള്ളവര്‍. ജമ്മു കശ്മീരില്‍ 750 യുഎപിഎ അറസ്റ്റുകളില്‍ 366 പേരാണ് ഈ പ്രായക്കാര്‍.
മൂന്ന് വര്‍ഷത്തിനിടെ യുഎപിഎ കേസുകളില്‍ 149 പേരെ ശിക്ഷിക്കുകയും 325 പേരെ വെറുതെ വിടുകയും ചെയ്തു. 1080 പേര്‍ ജാമ്യത്തിലാണെന്നും ആഭ്യന്തര മന്ത്രാലയം കണക്കുകള്‍ പറയുന്നു.