Sorry, you need to enable JavaScript to visit this website.

സോണിയ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു; മമതയുടെ പാര്‍ട്ടിക്ക് ക്ഷണമില്ല

ന്യൂദല്‍ഹി- 12 പ്രതിപക്ഷ എംപിമാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് പാലര്‍മെന്റിലുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നു. കോണ്‍ഗ്രസിനെ കൂടാതെ അഞ്ച് പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തതായാണ് റിപോര്‍ട്ട്. എന്‍സിപി, ഡിഎംകെ, സിപിഎം, ശിവസേന, നാഷനല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികള്‍ പങ്കെടുത്തപ്പോള്‍ മറ്റൊരു വലിയ പ്രതിപക്ഷ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചില്ല. ഈയിടെയായി കോണ്‍ഗ്രസുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലാണ് തൃണമൂല്‍. 

എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ശിവ സേന നേതാവ് സഞ്ജയ് റാവത്ത്, ഡിഎംകെ നേതാവ് ടി ആര്‍ ബാലു, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, നാഷനല്‍ കോണ്‍ഫറന്‍ അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധിയും യോഗത്തിലുണ്ടായിരുന്നു. എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതു സംബന്ധിച്ച് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവുമായി സംസാരിക്കാന്‍ നേതാക്കള്‍ ശരത് പവാറിനോട് ആവശ്യപ്പെട്ടതായാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. സഭാ നേതാവും പ്രതിപക്ഷ നേതാവും ഈ വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് നേരത്തെ വെങ്കയ്യ ആവശ്യപ്പെട്ടിരുന്നു. അംഗങ്ങളോട് സര്‍ക്കാര്‍ ഇത്ര പരുഷമായി പെരുമാറരുതെന്നും അവരും തെരഞ്ഞെടുക്കപ്പെട്ട സഭാംഗങ്ങളാണെന്നും ഡിഎംകെ നേതാവ് ടി ആര്‍ ബാലു പറഞ്ഞു. പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നും അദ്ദേഹം ആരോപിച്ചു.
 

Latest News