ഗാന്ധിനഗർ- ഗുജറാത്തിൽ കഴിഞ്ഞ ഡിസംബറിൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ കഷ്ടിച്ച് ജയിച്ചുകയറിയ ബി.ജെ.പിക്ക് കഴിഞ്ഞ ദിവസം നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിലും സമാന അവസ്ഥ. സംസ്ഥാനത്തെ 75 മുനിസിപ്പാലിറ്റികളിൽ 47ലും ജയിച്ചത് ബി.ജെ.പിയാണെങ്കിൽ കഴിഞ്ഞ തവണത്തേക്കാൾ 12 നഗരസഭകൾ കുറഞ്ഞു. 2013ൽ 59 നഗരസഭകളിൽ ബി.ജെ.പി ജയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ തവണ 11 മുനിസിപ്പാലിറ്റികൾ മാത്രം ജയിച്ച കോൺഗ്രസിന് ഇത്തവണ 16 ഇടത്ത് ജയിക്കാനായി. നാല് മുനിസിപ്പാലിറ്റികളിൽ കോൺഗ്രസ് പിന്തുണയുള്ള സ്വതന്ത്രരാണ് ജയിച്ചത്. ആറിടത്ത് ആർക്കും കേവല ഭൂരിപക്ഷമില്ല. ഇവിടങ്ങളിൽ ചെറു കക്ഷികളുമായി ചേർന്ന് ഭരണത്തിലേറാൻ ശ്രമിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
182 സീറ്റുകളുള്ള അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയിക്കാനായെങ്കിലും സീറ്റുകളുടെ എണ്ണം 115ൽനിന്ന് 99 ആയി കുറഞ്ഞു. മാത്രമല്ല അവരുടെ 15 സ്ഥാനാർഥികൾ ജയിച്ചത് കേവലം അഞ്ഞൂറിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. കോൺഗ്രസാവട്ടെ 60ൽനിന്ന് 77 സീറ്റായി നില മെച്ചപ്പെടുത്തുകയും ചെയ്തു.