Sorry, you need to enable JavaScript to visit this website.

വഖഫ് നിയമം പാസാക്കി ലഡു വിതരണം ചെയ്തവര്‍ ഇപ്പോള്‍ വാശിയില്ലെന്ന് പറയുന്നു-വി.ഡി.സതീശന്‍

തിരുവനന്തപുരം- വഖഫ് നിയമം പാസാക്കാന്‍ സര്‍ക്കാരിനു വാശിയായിരുന്നുവെന്നും ബില്‍ പാസാക്കിയ ശേഷം ഭരണകക്ഷി അംഗങ്ങള്‍ നിയമസഭയില്‍ ലഡു വിതരണം ചെയ്‌തെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.  നിയമനം പി.എസ്.സിക്കു വിടാന്‍   വാശിയില്ലെന്ന് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് വെറുതെയാണെന്നും അദ്ദേഹം  വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിയമസഭ ഈ ബില്ലു പാസാക്കി പിരിയുമ്പോള്‍ സ്പീക്കര്‍ ഇറങ്ങിയപ്പോഴാണ് ഭരണകക്ഷി അംഗങ്ങള്‍ ലഡു വിതരണം ചെയ്തത്. വഖഫ് മന്ത്രി അടക്കമുള്ള ആളുകള്‍ അതിലുണ്ടായിരുന്നു. അസംബ്ലിയില്‍ ഏതെങ്കിലും ബില്ല് പാസാക്കിയതിന്റെ പേരില്‍ ലഡു വിതരണം ചെയ്യുന്നത് കണ്ടിട്ടുണ്ടോ? ഞങ്ങള്‍ക്ക് യാതൊരു വാശിയുമില്ല എന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്. സര്‍ക്കാറിന്റേതല്ല, വഖഫ് ബോര്‍ഡില്‍ നിന്നു വന്ന നിര്‍ദേശമാണ് നിയമനം പി.എസ്.സിക്ക് വിടുന്നതെന്ന് അദ്ദേഹം പറയുന്നു. ആ പ്രസ്താവന നടത്തി 24 മണിക്കൂറിനകം നിയമനം പി.എസ്.സിക്കു വിടണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് അയച്ച കത്തുവന്നു. മുഖ്യമന്ത്രി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്-  സതീശന്‍ കുറ്റപ്പെടുത്തി.

മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കുമ്പോഴാണ് വര്‍ഗീയതയെന്ന വിഷയം ഉടലെടുക്കുന്നത്. വഖഫ് വിഷയത്തില്‍ വേറെ ഏതു മതവിഭാഗത്തെ ഹനിച്ച വിഷയമാണ് ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രിയെ പോലുള്ള ഒരാള്‍ വര്‍ഗീയത എന്ന വാക്ക് ചുമ്മാ എടുത്ത് ഉപയോഗിക്കയാണോ? ദേവസ്വം ബോര്‍ഡിന്റെ നിയമനം പി.എസ്.സിക്ക് വിടണമെന്ന ആവശ്യം വന്നപ്പോള്‍ ഞങ്ങള്‍ ശരിയല്ലെന്നു പറഞ്ഞു. റിക്രൂട്ട്‌മെന്റ് ബോര്‍ഡുണ്ടാക്കുന്നതാണ് ഉചിതമെന്ന് പറഞ്ഞു. അത് സമ്മതിച്ചു. വഖഫ് ബോര്‍ഡിലും അതേ അഭിപ്രായം പറഞ്ഞു. റിക്രൂട്ട്‌മെന്റ് ബോര്‍ഡുണ്ടാക്കിയാല്‍ മതിയെന്നാണ് പറഞ്ഞത്. റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ അഴിമതി വരുമെന്നാണ് അപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞത്. പി.എസ്.സിയിലും റിക്രൂട്ട്‌മെന്റ് ബോര്‍ഡിലും ആളെ നിയമിക്കുന്നത് സര്‍ക്കാരാണ്. അഴിമതിയില്ലാത്ത ആളുകളെ നിയമിച്ചാല്‍ മതി. അപ്പോള്‍ പ്രശ്‌നമില്ലല്ലോ- സതീശന്‍ പറഞ്ഞു.  
സില്‍വര്‍ ലൈന്‍ പദ്ധതി എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ്  ആവശ്യപ്പെട്ടു. ഒരു ലക്ഷത്തിലധികം കോടി രൂപ കെ റെയിലിന് ചെലവു വരുമെന്ന് നീതി ആയോഗ് പറഞ്ഞിട്ടുണ്ട്. ഇത് 2018ലെ കണക്കാണ്. ഇത് യാഥാര്‍ത്ഥ്യമാകുമ്പോഴേക്ക് രണ്ടു ലക്ഷം കോടി കഴിയും. എസ്റ്റിമേറ്റോ ഡീറ്റെയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ടോ ഇല്ലാതെയാണ് സര്‍ക്കാര്‍ സില്‍വര്‍ ലൈനുമായി മുമ്പോട്ടു പോകുന്നത്. ഇതിന് പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടില്ല. സാമൂഹിക ആഘാതപഠനം നടത്തിയിട്ടില്ല. കേന്ദ്രഗവണ്‍മെന്റെ അനുമതിയില്ല. നേരായ സര്‍വേ നടത്തിയിട്ടില്ല. കെ റെയിലില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലാണ് സാധ്യതാ പഠനം നടത്തിയ കമ്പനിയുടെ തലവന്‍ അലോക് കുമാര്‍ നടത്തിയിരിക്കുന്നത്. അടിയന്തരമായി സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറണം- അദ്ദേഹം ആവശ്യപ്പെട്ടു.

 

 

Latest News