ചെന്നൈ- സൈനിക മേധാവി ബിപിന്‍ റാവത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ സൈനിക ഹെലികോപ്റ്റര്‍ അപകടത്തിനിടെ രക്ഷകരായ നീലഗിരി ജില്ലയിലെ കാട്ടേരി നഞ്ചപ്പസത്രം കോളനിയെ വ്യോമസേന ഒരു വര്‍ഷത്തേക്ക് ദത്തെടുക്കുമെന്ന് ദക്ഷിണ ഭാരത് ഏരിയ കമാന്‍ഡിങ് ജനറല്‍ ഓഫിസര്‍ ലഫ്. ജനറല്‍ എ. അരുണ്‍. വെല്ലിങ്ടണ്‍ പട്ടാള കേന്ദ്രത്തിലെ പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ അറിയിച്ചതാണ് ഇക്കാര്യം. ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസ്, അഗ്‌നിശമന വിഭാഗം ജീവനക്കാര്‍, വനം ജീവനക്കാര്‍, മറ്റു വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍, സൈനിക ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് െ്രെഡവര്‍മാര്‍ തുടങ്ങിയവരെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. നഞ്ചപ്പസത്രം കോളനി സന്ദര്‍ശിച്ച അരുണ്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും അരിയും മറ്റു നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു. മാസന്തോറും കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അപകടം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ച കൃഷ്ണസാമി, ചന്ദ്രകുമാര്‍ എന്നിവര്‍ക്ക് 5,000 രൂപ വീതം പാരിതോഷികവും നല്‍കി.