കോഴിക്കോട്- രാജ്യത്ത് വിവാഹത്തിന് മുന്‍പുള്ള കൗണ്‍സിലിങ് നിര്‍ബന്ധമാക്കുന്നതിന് വേണ്ടിയുള്ള നിയമം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. വിവാഹമോചന വിഷയവുമായി ബന്ധപ്പെട്ട് ദിനംപ്രതി 20 പേരാണ് ആത്മഹത്യ ചെയ്യുന്നതെന്ന നാഷണല്‍ ക്രൈം ബ്യൂറോ ഓഫ് റെക്കോര്‍ഡ്‌സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമാണ് ഹര്‍ജി നല്‍കിയത്.
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21, 39 പരാമര്‍ശിച്ചു കൊണ്ട് വിവാഹത്തിന് മുന്‍പുള്ള കൗണ്‍സിലിങ്ങിന്റെ പ്രസക്തിയെ കുറിച്ച് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിവാഹത്തിന് മുമ്പുള്ള കൗണ്‍സിലിങ് പങ്കാളികള്‍ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും വിവാഹത്തിന് യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ കൈവരിക്കാനും സഹായിക്കുന്നു. സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുള്ള കഴിവുകള്‍ വികസിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ആയതിനാല്‍ ഇതിനായുള്ളൊരു കോഴ്‌സ് രൂപകല്‍പ്പന ചെയ്യാനും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ മാസ്റ്റര്‍ ട്രെയ്‌നറും ഗ്ലോബല്‍ ഗുഡ്‌വില്‍ അംബാസ്സഡറുമായ ബാബ അലക്‌സാണ്ടര്‍ ഒപ്പ് വെച്ച ഹര്‍ജി അഡ്വ. റോബിന്‍ രാജു മുഖേനയാണ് ഫയല്‍ ചെയ്തത്. വിഷയം വരും ആഴ്ചകളില്‍ കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.