മുംബൈ- ബിഹാര്‍ സ്വദേശിനി നല്‍കിയ ബലാത്സംഗകേസില്‍ മുംബൈ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്മേല്‍ ബിനോയ് കോടിയേരിക്കെതിരേ കോടതി കുറ്റം ചുമത്തുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. ദിന്‍ദോഷി കോടതി കേസ് തിങ്കളാഴ്ച പരിഗണിച്ചിരുന്നു.
കോടതിയില്‍ ബിനോയിയും യുവതിക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന പബ്ലിക് പ്രോസിക്യൂട്ടറും ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ബിനോയ്‌ക്കെതിരേ കുറ്റം ചുമത്തുന്ന നടപടി ക്രമങ്ങള്‍ ബുധനാഴ്ച പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഇതിനിടയില്‍ വ്യാവസായികാവശ്യത്തിന് തനിക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്ന അപേക്ഷ ബിനോയ് കോടതിയില്‍ സമര്‍പ്പിച്ചു. ഈ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിച്ചില്ല.യുവതിക്ക് വേണ്ടി പി.എം.എച്ച്. ലോയുടെ പ്രശാന്ത് പോപ്‌ലെ എന്ന അഭിഭാഷകന്‍ കോടതിയില്‍ തിങ്കളാഴ്ച വക്കാലത്ത് നല്‍കി. യുവതിക്കും കുട്ടിക്കും നീതി ലഭിക്കുന്നതുവരെ കോടതിയില്‍ പോരാട്ടം തുടരുമെന്ന് അഭിഭാഷകന്‍ പ്രശാന്ത് പോപ്‌ലെ പറഞ്ഞു.