Sorry, you need to enable JavaScript to visit this website.

എന്റെ മരക്കാർ സ്മരണകൾ

ചരിത്രത്തിന്റെ ക്രിട്ടിക്കൽ എഡിഷൻ ആരും തയാറാക്കാതിരുന്ന കാലത്ത് പത്മനാഭൻ നായർ തുടങ്ങിയതാണ് കുഞ്ഞാലി മരക്കാർ സംരംഭം. വീരശൂര പരാക്രമിയായ കുഞ്ഞാലിയുടെയും കുരുട്ടു ബുദ്ധിക്കാരനായ തലപ്പണ്ണ നമ്പൂതിരിയുടെയും തൽസ്വരൂപം അദ്ദേഹം കണ്ടുപരിചയിച്ച പോലെയായിരുന്നു കഥാപാത്രങ്ങളുടെ സംവിധാനം. പറങ്കിപ്പട കയറി വരുമ്പോൾ, 'ആരുമില്ലേ ഇവിടെ നാടിനെ രക്ഷിക്കാൻ?' എന്നു സാമൂതിരി നാട്ടുകൂട്ടത്തോടു ചോദിക്കുകയുണ്ടായി. അതിനുത്തരവുമായി സദസ്സിൽനിന്ന് ചാടിയെണീറ്റുവന്ന മുഹമ്മദ് മരക്കാർ ആയിരുന്നു പിന്നീട് വലിയ പടത്തലവൻ ആയി അവരോധിക്കപ്പെട്ട കുഞ്ഞാലി. 'ഞമ്മളുണ്ട്' എന്ന ത്ര്യക്ഷരിയായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം.

 

നൂറു കോടി രൂപ ചെലവിട്ട് മരക്കാർ തൊടുത്തുവിട്ട ആത്മഗൗരവത്തിന്റെയും അടിയറവിന്റെയും ഓർമ്മത്തിളക്കമാണ് ഈ കുറിപ്പിനടിസ്ഥാനം. ഇതു കുറിക്കുമ്പോൾ കടലിലും കരക്കും വെന്നിക്കൊടി പാറിച്ച പ്രിയദർശനും മോഹൻ ലാലുമല്ല മനസ്സിൽ നിറയുന്നത്, ഓർമ്മയുടെ തുറയിൽ നങ്കൂരമിട്ട കുഞ്ഞാലി മരക്കാറാണ്. കെ. പത്മനാഭൻ നായരാണ്, കൊട്ടാരക്കര ശ്രീധരൻ നായരാണ്, മങ്ങാട്ടച്ചന്റെ വീര്യം വിതറിയ ജി.പി. പിള്ളയാണ്. ആന്റണി പെരുമ്പാവൂർ നൂറു കോടി മുടക്കിയപ്പോൾ രണ്ടു ലക്ഷം കൊണ്ട് ചരിത്രത്തിന്റെ പുളകം വെള്ളിത്തിരയിൽ പ്രസരിപ്പിച്ച ചന്ദ്രതാരാ പ്രൊഡക്ഷൻസിന്റെ ടി.കെ. പരീക്കുട്ടിയാണ്. 
അമ്പതുകളുടെ ഒടുവിൽ ഒമ്പതാം ക്ലാസിലോ പത്തിലോ ഉപപാഠപുസ്തകമായിരുന്നു കുഞ്ഞാലി മരക്കാർ. നൂറു താളിൽ പത്മനാഭൻ നായർ വിരിയിച്ച ചരിത്ര വിസ്മയം. എന്റെ ബാലഭാവനയിൽ നിറഞ്ഞ കുഞ്ഞാലി മരക്കാറെ സൃഷ്ടിച്ച പത്മനാഭൻ നായരെ കാണാൻ രണ്ടു പതിറ്റാണ്ട് കഴിയേണ്ടി വന്നു. അക്ഷരവും ആംഗ്യവും സ്വരവും എവിടെ തെളിയുന്നുവോ അവിടെ പയ്യന്നൂർക്കാരൻ പത്മനാഭൻ നായരുടെ വിലാസം കാണാം. മദിരാശിയിലെ മലയാളി കലാപ്രവർത്തനത്തിന്റെ തുടക്കക്കാരിൽ അദ്ദേഹമുണ്ടായിരുന്നു. ആദ്യത്തെ വാർത്താ പ്രക്ഷേപകരിലും അദ്ദേഹം പ്രാതസ്മരണീയനായി. പാടാൻ മടിച്ച പത്മനാഭൻ നായർ സംഗീത നിർമ്മാതാവായി, നാടകത്തിന്റെയും ചിത്രികരണത്തിന്റെയും പ്രൊഡ്യൂസറായി, ആകാശവാണിയിൽ. ഞാൻ കാണുമ്പോൾ അദ്ദേഹം ലളിത സംഗീതത്തിന്റെ പ്രൊഡ്യൂസർ ആയിരുന്നു. കുഞ്ഞാലി മരക്കാർ എന്ന കൊച്ചുപുസ്തകം കൊണ്ടും പിന്നീട് തിരക്കഥ കൊണ്ടും ചരിത്രത്തിൽ ചന്തം ചാർത്തിയ പത്മനാഭൻ നായരുമായുള്ള എന്റെ ഓർമ്മയിൽ പാടു വീണോ എന്നു സംശയം. 


ചരിത്രത്തിന്റെ ക്രിട്ടിക്കൽ എഡിഷൻ ആരും തയാറാക്കാതിരുന്ന കാലത്ത് പത്മനാഭൻ നായർ തുടങ്ങിയതാണ് കുഞ്ഞാലി മരക്കാർ സംരംഭം. വീരശൂര പരാക്രമിയായ കുഞ്ഞാലിയുടെയും കുരുട്ടു ബുദ്ധിക്കാരനായ തലപ്പണ്ണ നമ്പൂതിരിയുടെയും തൽസ്വരൂപം അദ്ദേഹം കണ്ടുപരിചയിച്ച പോലെയായിരുന്നു കഥാപാത്രങ്ങളുടെ സംവിധാനം. പറങ്കിപ്പട കയറി വരുമ്പോൾ, 'ആരുമില്ലേ ഇവിടെ നാടിനെ രക്ഷിക്കാൻ?' എന്നു സാമൂതിരി നാട്ടുകൂട്ടത്തോടു ചോദിക്കുകയുണ്ടായി. അതിനുത്തരവുമായി സദസ്സിൽനിന്ന് ചാടിയെണീറ്റുവന്ന മുഹമ്മദ് മരക്കാർ ആയിരുന്നു പിന്നീട് വലിയ പടത്തലവൻ ആയി അവരോധിക്കപ്പെട്ട കുഞ്ഞാലി. 'ഞമ്മളുണ്ട്' എന്ന ത്ര്യക്ഷരിയായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. ആ രംഗവും വചനവും ഓർക്കുന്നവർ അപകടത്തിൽനിന്നു പലായനം ചെയ്തുകൊണ്ടിരുന്ന മാർത്താണ്ഡവർമ്മയോട് 'അടിയൻ ലച്ചിപ്പോം' എന്നു വാക്കു കൊടുത്ത വേഷപ്രഛന്നനായ ധീരനായകനെയും ഓർക്കും.


നിത്യഹരിതകാമുകനായ പ്രേം നസീർ ഇല്ലാത്ത ചിത്രം സങ്കൽപിക്കാനാവാത്ത കാലത്തായിരുന്നു അതിന്റെ നിർമ്മാണം. പക്ഷേ കുഞ്ഞാലി മരക്കാറിലെ മങ്ങാട്ടച്ചന്റെ മകളായി വന്ന ജ്യോതിലക്ഷ്മി എന്ന സുന്ദരിയും കാമുകനും തമ്മിലുള്ള കിന്നാരവും സുന്ദരിയുടെ വീരമാതുലനായ മന്ത്രിമുഖ്യന്റെ വാൾത്തലപ്പിനു വേഗവും മൂർച്ചയും പകർന്ന ജി.പി. പിള്ളയും കണ്ടിരിക്കാൻ കൗതുകമുണർത്തി. 
പിന്നെ വിട്ടുപോകാൻ വയ്യാത്ത പ്രേംജി. പിറവിയിലെ അഛന്റെ വേദനയുടെ വേറൊരു രൂപമായിരുന്നു കുഞ്ഞാലി മരക്കാറിലെ സാമൂതിരിയുടെ ദൈന്യം. പ്രേംജിയെ വെല്ലുന്ന ഒരേ ഒരു നടനേ നമുക്ക് ഉണ്ടായുള്ളു, കൊട്ടാരക്കര ശ്രീധരൻ നായർ. ചെമ്മീനിലെ ചെമ്പൻ കുഞ്ഞായാലും അരനാഴികനേരത്തിലെ വാർദ്ധക്യം നേരിടുന്ന കഥാപാത്രമായാലും കുഞ്ഞാലി മരക്കാറായാലും അതിനുവേണ്ടി പിറന്ന നടനായിരുന്നു കൊട്ടാരക്കര എന്നു തോന്നും ആ അഭിനയം കണ്ടാൽ. 


കുഞ്ഞാലിയെ പടത്തലവനായി വാഴിച്ച അതേ സാമൂതിരി തന്നെ മരക്കാരെ പറങ്കികൾക്ക് ഒറ്റുകൊടുത്തു.  കേരളത്തോളം പോന്ന ഇത്തിരിവട്ടം മാത്രം ചിന്തിക്കുന്ന സാമൂതിരിയുടെയും വള്ളുവക്കോനാതിരിയുടെയും പെരുമ്പടപ്പ് മൂപ്പന്റെയും ഒരു കുത്ത് ശീട്ടിൽ ഒതുങ്ങുന്ന വഞ്ചിഭൂപന്മാരുടെയും വഷളത്തരങ്ങളുടെ ലജ്ജാവഹമായ പരിണാമമായിരുന്നു കുഞ്ഞാലിമാരുടെ ദുരന്തം. അവർ തമ്മിലുള്ള പരപുഛവും അസൂയയുമാണ് ഓരോ ദേശാഭിമാന ചിത്രത്തിന്റെയും ഉള്ളടക്കം. എവിടെ അഭിമാനവും ധൈര്യവും തിളങ്ങുന്നുവോ അവിടെയൊക്കെ കാണാം ഒരു മിർ ജാഫറിന്റെ കുതികാൽ പ്രയോഗം. ഓർത്തുനോക്കൂ, നമുക്ക് വിജയിക്കുന്ന വീരനായകരില്ല, മരണം വരിക്കുന്ന വേലുതമ്പി ദളവയും, പഴശ്ശി രാജാവും വൈക്കം കൊച്ചാശാനും, ഗോവിന്ദൻ വലിയച്ചനും മറ്റുമേയുള്ളു. പ്രകൃതത്തിലെ സാമൂതിരിയുടെ ഒരു പിന്മുറക്കാരൻ സാർവത്രിക ആത്മനാശം മുന്നിൽ കണ്ട് കൊട്ടാരത്തിനു തീ കൊളുത്തുകയോ വജ്രമോതിരം വിഴുങ്ങുകയോ ചെയ്തത് കഥയോ കാര്യമോ? 


കുഞ്ഞാലിമാർ കലിക്കട്ടിലെ കപ്പിത്താന്മാരായിരുന്നു,  (അറാശൃമഹ െീള ഇമഹശരൗ)േ. അങ്ങനെ നാമകരണം ചെയ്തത് ചരിത്ര കുതുകിയും ഇംഗ്ലീഷ് പണ്ഡിതനുമായ കുഞ്ഞപ്പ നമ്പ്യാർ. ബാംഗ്ലൂരിൽ പ്രവർത്തിച്ചു ജീവിച്ച പ്രൊഫസർ ഒ.കെ. നമ്പ്യാർ. പ്രൊഫസർ നമ്പ്യാരുടെ കുഞ്ഞാലിമാരെ അണിയിച്ചിരുത്തിയ ഏഷ്യാ പബ്ലിഷിംഗ് ഹൗസ് 'മാനം ചേർന്ന ഭടന്റെ മിന്നൽ ചിതറും കൈവാളിളക്ക'ത്തെപ്പറ്റി നേരത്തേ കേട്ടിരിക്കും. അതെത്രത്തോളം കുഞ്ഞാലിമാരുടെ രൂപഭാവവർണനയെ സ്വാധീനിച്ചുവെന്ന് പറയാനാവില്ല. ഒരു കാര്യം തീർച്ച: പത്മനാഭൻ നായരുടെ കുഞ്ഞാലി മരക്കാർ കുഞ്ഞപ്പ നമ്പ്യാർക്ക് ഹരം പകർന്നിരിക്കണം. എസ്.എസ്. രാജൻ എന്ന മലയാളിയല്ലാത്ത ഒരാളായിരുന്നു വെള്ളിത്തിരയിലെ മരക്കാരുടെ സംവിധായകൻ ഏറെ പേരും മറന്നിരിക്കും. 


പത്താം തരത്തിൽ ഉപപാഠപുസ്തകമാകുന്നത് ചില്ലറ കാര്യമല്ല. നാലഞ്ചു ലക്ഷം കോപ്പിയാണ് വിറ്റഴിയുക. പാഠപുസ്തകമാക്കാൻ നമ്മുടെ കാലത്ത് ഓരോരുത്തർ കാട്ടുന്ന കുന്നായ്മകൾ നമുക്കറിയാം. അങ്ങനെയൊരപവാദം അന്നു കേട്ടില്ല. വിദ്യാഭ്യാസ മന്ത്രിയായിരുന്ന സാഹിത്യ ശിരോമണി ജോസഫ് മുണ്ടശ്ശേരി നേരിട്ട് പുസ്തകം തിരഞ്ഞെടുത്തിരുന്നതായി കേട്ടിരുന്നു. 
ആരായിരുന്നു കുഞ്ഞാലി മരക്കാർ? കുഞ്ഞാലിയല്ലാതെ പ്രിയദർശന്റെയും മോഹൻലാലിന്റെയും പാകത്തിന് മരക്കാർ ആകാൻ ഒരാളുണ്ടായിരുന്നോ? അയാൾ കോട്ടക്കൽ കോട്ട കെട്ടി നാടിന് ആ പേരു നേടിയെടുത്ത പാണ്ടികശാലക്കാരൻ വലിയ കാക്ക ആയിരുന്നോ? അതോ നമുക്ക് ധൈര്യവും ദേശാഭിമാനവും പഠിപ്പിക്കാൻ മധ്യധരണ്യാഴി തീരത്തുനിന്നു കോഴിക്കോട്ടും കൊച്ചിയിലും കുടിപാർത്ത ഒരു സംഘം ഭാഗ്യാന്വേഷികളോ? മരക്കാർ എന്നത് കപ്പൽ എന്ന അർഥമുള്ള മർക്കബ് എന്ന അറബി പദത്തിന്റെ തൽഭവം തന്നെയോ? മർക്കബ് മെല്ലെ മെല്ലെ മരക്കാർ ആയി. അങ്ങനെ നമ്മുടെ സ്വന്തം മരക്കാരും മറുനാടൻ കമ്മട്ടത്തിൽ വാർന്നുവീണ നായകശിൽപമായിരുന്നോ?  


പറങ്കികൾ കുഞ്ഞാലിയെ കടൽക്കൊള്ളക്കാരനാക്കി. കടന്നിരിക്കുകയും കുടിയേറുകയും സ്വഭാവമായ പാശ്ചാത്യർ നൽകിയ കൊള്ളക്കാരൻ എന്ന വിളിപ്പേർ കലിക്കട്ടിലെ കപ്പിത്താൻ ആയി ഉയരാൻ നൂറ്റാണ്ടുകൾ വേണ്ടിവന്നു. ഒരു ദേശത്തിന്റെ ആത്മഗൗരവം ഉണർന്നപ്പോൾ, പുരാവൃത്തവും സാഹിത്യരൂപവും സമ്മേളിച്ചപ്പോൾ, കുഞ്ഞാലി മരക്കാർ സിനിമയായി പിറന്നു. 
പ്രിയദർശന് ഇഷ്ടമല്ലെങ്കിൽ വേണ്ട, കുഞ്ഞാലി മരക്കാരെ വെറും കുഞ്ഞാലിയാക്കാതെ മരക്കാർ ആക്കിക്കൊള്ളട്ടെ. ചരിത്രം പരിവർത്തനമില്ലാത്ത ഒരു സാമൂഹ്യാനുഭവമല്ലല്ലോ. കാണുന്നയാളുടെ ഇഷ്ടം നോക്കി കാഴ്ച വസ്തുവിന്റെ രൂപവും ഭാവവും മാറും. നായകൻ ഖലനായകനാകും, ഭക്തി അന്ധവിശ്വാസമാകും, ആക്ഷേപവും അപഹാസവും ആഭരണമാകും. കുഞ്ഞാലിക്കും മരക്കാർക്കും നൂറ്റാണ്ടുകളിലൂടെ വന്ന പരിണാമം ആ നിലക്ക് കണ്ടാൽ മതി. ചിലർ കുഞ്ഞാലിയിൽ ഉണരുന്ന ദേശീയത ദർശിക്കുന്നു, ചിലർ പറങ്കികളെ നിലക്കു നിർത്താൻ ശ്രമിച്ച സംസ്‌ക്കാരസേനയെ എതിരേൽക്കുന്നു. ദേശവും അഭിമാനവും രൂപപ്പെടാത്തതായിരുന്നു കുഞ്ഞാലിയുടെ കാലമെന്ന് ചിലർ വാർക്കുന്നു. ഈ വൈരുധ്യങ്ങളിൽ പിടി വിടാതെ കയറിപ്പോകാനാണ് പ്രിയദർശന്റെ മരക്കാരുടെ ഉദ്യമം.
 

Latest News