കോഴിക്കോട്- മലബാറില്‍ ബ്രിട്ടീഷ് സേനയോട് പൊരുതിയ സ്വാതന്ത്ര്യ സമര പോരാളി ആലി മുസ്ലിയാര് വന്ദേ മാതരം വിളിച്ചുവെന്ന് ചിത്രീകരിച്ച ബാലമാസിക വിവാദത്തില്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴിലുള്ള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കുരുന്നുകള്‍ എന്ന ബാലമാസികയിലാണ് ആലി മുസ്ലിയാരെ കൊണ്ട് വന്ദേ മാതരം വിളിപ്പിച്ചിരിക്കുന്നത്.
ആലി മുസ്ലിയാരുടെ ചരിത്രം പറയുന്ന ചിത്രകഥയുടെ 160-ാം ഭാഗത്തിലാണിത്. യാ അല്ലാഹ്... എന്നെങ്കിലും ഈ മണ്ണ് സ്വാതന്ത്ര്യം പ്രാപിക്കാന്‍ തുണക്കണെ.. വന്ദേ മാതരം... വന്ദേ മാതരം എന്ന് ആലി മുസ്ലിയാര് പറയുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. മാസികയുടെ ഫെബ്രുവരി ലക്കം 63-ാം പേജിലാണിത്.
സമസ്തയുടെ പ്രഖ്യാപിത നിലപാട് വന്ദേ മാതരം വിളിക്കെതിരെ ആണെന്നിരിക്കെയാണ് ഒരു ഇസ്ലാമിക പണ്ഡിതന് കൂടിയായിരുന്ന ആലി മുസ്ലിയാരെ കൊണ്ട് വന്ദേ മാതരം വിളിപ്പിച്ചിരിക്കുന്നത്. ഇതിനെതിര സോഷ്യല്‍ മീഡിയല്‍ വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു. ഇതു സംബന്ധിച്ച് സമസ്തയുമായി ബന്ധപ്പെട്ടവരില്‍നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.