മുംബൈ- അന്ധേരിയിലെ ഒരു ഡാന്‍സ് ബാറില്‍ മുംബൈ പോലീസ് നടത്തിയ റെയ്ഡില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച 17 യുവതികളെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. റെയ്ഡിനെ കുറിച്ചുള്ള സൂചന ലഭിച്ചതിനെ തുടര്‍ന്ന് ദീപ ബാര്‍ അധികൃതര്‍ യുവതികളെ മേക്കപ്പ് മുറിയുമായി ബന്ധിപ്പിച്ച ഒരു രഹസ്യ അറയില്‍ ഒളിപ്പിച്ചതായിരുന്നു. ഇവിടെ സ്ഥാപിച്ച കൂറ്റന്‍ കണ്ണാടിക്കു പിറകിലായിരുന്നു രഹസ്യ വാതില്‍. ഇവിടെ എത്തുന്ന ഇടപാടുകാര്‍ക്കു മുമ്പില്‍ യുവതികളെ ഡാന്‍സ് ചെയ്യിപ്പിക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടെ എത്തിയ തിരച്ചില്‍ നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല. സാധാരണ ഇത്തരം റെയ്ഡുകള്‍ നടക്കുമ്പോള്‍ ബാര്‍ നടത്തിപ്പുകാര്‍ യുവതികളെ ഒളിപ്പിക്കുന്ന ബാത്ത് റൂമിലും സ്റ്റോറേജ് റൂമിലും കിച്ചനിലും പരിശോധിച്ചെങ്കിലും ഒരാളേയും കണ്ടെത്താനായില്ല.
തുടര്‍ന്ന് ബാര്‍ മാനേജര്‍, കാഷ്യര്‍, വെയ്റ്റര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ വിശദമായി ചോദ്യം ചെയ്‌തെങ്കിലും അവരും ബാറില്‍ യുവതികളുള്ള കാര്യം നിഷേധിച്ചു. ഇതിനിടെയാണ് മേക്കപ്പ് റൂമിലെ വലിയ കണ്ണാടി ഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിച്ചത്. തുടര്‍ന്ന് കണ്ണാടി ഇളക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ചുമരില്‍ നിന്ന് അടരാത്ത രീതിയില്‍ ഉറപ്പിച്ച കണ്ണാടി ഹാമര്‍ ഉപയോഗിച്ച് അടിച്ചുപൊട്ടിച്ചപ്പോഴാണ് രഹസ്യ അറയിലേക്കുള്ള വാതില്‍ കണ്ടത്. ഇതു തുറന്നപ്പോഴാണ് രഹസ്യ അറയില്‍ 17 യുവതികളെ കണ്ടെത്തിയത്. ബാര്‍ നടത്തിപ്പുകാര്‍ക്കെതിരെ കേസെടുത്തു.