പട്‌ന- ബിഹാറിലെ ഔറംഗാബാദില്‍ പഞ്ചായത്ത് അധ്യക്ഷ പദവിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് സ്ഥാനാര്‍ത്ഥി രണ്ട് ദളിത് യുവാക്കളെ മര്‍ദിക്കുന്ന വിഡിയോ വൈറലായി. തോറ്റ സ്ഥാനാര്‍ത്ഥി ബല്‍വന്ദ് സിങാണ് തന്റെ പരാജയത്തിന് ദളിത് സമുദായത്തെ കുറ്റപ്പെടുത്തുകയും രണ്ട് യുവാക്കളെ മര്‍ദിക്കുകയും ചെയ്തു. ഇവര്‍ക്ക് പണം നല്‍കിയിട്ടും വോട്ട് ചെയ്തില്ലെന്ന് ബല്‍വന്ദ് പറയുന്നതായും വിഡിയോയില്‍ കേള്‍ക്കാം. ഇരുവരേയും തെറിവിളിക്കുകയും ചെവിപിടിച്ച് ഏത്തമിടിക്കുകയും ചെയ്തു. പിന്നീട് ഇവരില്‍ ഒരാളെ മാത്രം പിടിച്ച് ബല്‍വന്ദ് മര്‍ദിക്കുകയും കഴുത്തിനു പിടിച്ച് നിലത്ത് തുപ്പിക്കുകയും അത് നക്കിക്കുടിപ്പിക്കുകയും ചെയ്യുന്നതായും വിഡിയോയിലുണ്ട്.
രണ്ടു പേര്‍ മദ്യപിച്ച് ശല്യമുണ്ടാക്കിയതിനാണ് അവരെ മര്‍ദിച്ചതെന്നാണ് ബല്‍വന്ദ് പറയുന്നത്. എന്നാല്‍ ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ പണം നല്‍കിയെന്ന് ബല്‍വന്ദ് പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. വിഡിയോ വൈറലായ ഉടന്‍ പോലീസ് ഇടപെട്ട് ബല്‍വന്ദിനെ അറസ്റ്റ് ചെയ്തു.