കോട്ടയം- കപ്പ കഴിക്കുന്നവര്‍ക്ക് സാമാന്യ ബുദ്ധി കുറയുമെന്നും അതുകൊണ്ടാണ് മധ്യതിരുവിതാംകൂറില്‍നിന്ന് കൂടുതല്‍ ഐ.എ.എസ്, ഐ.പി.എസുകാര്‍ ഉയര്‍ന്നുവരാത്തതെന്നുമെന്ന മുന്‍ ഡി.ജി.പിയുടെ പ്രസ്താവന അംഗീകരിക്കാനാകില്ലെന്ന് എം.ജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് പറഞ്ഞു. മഹാകവി പാലായുടെ ജന്മദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മീനച്ചില്‍ താലൂക്കിലെ ജനങ്ങളുടെ പ്രധാന ഭക്ഷണം കപ്പയാണ്. താലൂക്കില്‍നിന്ന് സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയസിവില്‍ സര്‍വീസ് രംഗങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുള്ളവര്‍ ഒരുപാടുണ്ട്. ലളിതാംബിക അന്തര്‍ജ്ജനവും, പാറേമാക്കല്‍ ഗോവര്‍ണ്ണദോറും, മഹാകവി കട്ടക്കയം ചെറിയാന്‍ മാപ്പിളയും, വിശുദ്ധ അല്‍ഫോന്‍സാമ്മയും, ദൈവദാസന്‍ കുഞ്ഞച്ചനും തുടങ്ങി കേരളത്തില്‍ ഒന്നാം റാങ്കോടെ ഐ.എ.എസ് പാസായ വി.വി. ജോസഫും, മുന്‍ ചീഫ് സെക്രട്ടറിമാരായിരുന്ന പി.സി. സിറിയക്കും, കെ.ജെ. മാത്യുവും, ടി.കെ. ജോസും ഉള്‍പ്പെടെ എല്ലാവരും കപ്പ കഴിച്ച് വളര്‍ന്നവരാണ്.
ഒരിക്കല്‍ മുന്‍രാഷ്ട്രപതി കെ.ആര്‍. നാരായണനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശിക്കാന്‍ ഇടയായി. അന്ന് അദ്ദേഹം പറഞ്ഞത് പാലായില്‍ ഞങ്ങളുടെ വീട്ടില്‍ വന്നപ്പോള്‍ എന്റെ അമ്മ കൊടുത്ത ചെണ്ടക്കപ്പയുടെയും മുളക് പൊട്ടിച്ചതിന്റെയും സ്വാദ് ഇപ്പോഴും നാവില്‍ ഉണ്ടെന്നാണ്. ഇങ്ങനെ കപ്പയിലൂടെ വളര്‍ന്ന പ്രതിഭകളായ പാലാക്കാരുടെ പേരുകള്‍ അനേകമുണ്ട്. ഇതൊന്നും മനസിലാക്കാതെയാണ് മുന്‍ ഡി.ജി.പിയുടെ പ്രതികരണം.
ഡി.ജി.പി ഡോ.ബി.സന്ധ്യയെ വേദിയിലിരുത്തിയാണ് സിറിയക് തോമസ് മുന്‍ ഡി.ജി.പിക്കെതിരെ പൊട്ടിത്തെറിച്ചത്.