ന്യൂദല്‍ഹി- ഇക്കുറി റിപ്പബ്ലിക് ദിനത്തില്‍ അതിഥികളായി എത്തുന്നത് അഞ്ച് രാഷ്ട്രങ്ങളിലെ തലവന്‍മാര്‍. മധ്യേഷ്യന്‍ രാജ്യങ്ങളായ കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നീ അഞ്ച് രാഷ്ട്രങ്ങളുടെ തലവന്‍മാര്‍ക്കാണ് ദല്‍ഹി ആതിഥേയത്വം വഹിക്കുക. 2018 ല്‍ ആസിയാന്‍ രാജ്യങ്ങളെ റിപ്പബ്ലിക് ദിനത്തില്‍ ക്ഷണിച്ചതിന് ശേഷം ഒരു സംഘം രാഷ്ട്രങ്ങളെ റിപ്പബ്ലിക് ദിനത്തില്‍ പങ്കെടുപ്പിക്കുന്നത് ആദ്യമാണ്.
സോവിയറ്റ് യൂണിയന്‍ പിളര്‍ന്നതിന് ശേഷം ഈ അഞ്ച് രാഷ്ട്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ ആദ്യ പ്രധാനമന്ത്രി നരേന്ദ്ര മോഡിയായിരുന്നു. 2015ല്‍ പ്രധാനമന്ത്രി മോഡി എല്ലാ മധ്യേഷ്യന്‍ രാജ്യങ്ങളും സന്ദര്‍ശിച്ചു. ഈ രാജ്യങ്ങളുമായി വിദേശകാര്യ മന്ത്രി തലത്തില്‍ എല്ലാ വര്‍ഷവും ഉച്ചകോടി നടക്കുന്നുണ്ട്. ഈ വര്‍ഷത്തെ ഉച്ചകോടി ഡിസംബര്‍ 18-19 തിയതികളിലാണ്. യോഗത്തിന് ന്യൂദല്‍ഹിയാണ് ആതിഥേയത്വം വഹിക്കുന്നത്.
കഴിഞ്ഞ വര്‍ഷം യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അതിഥിയായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി കാരണം അദ്ദേഹം എത്തിയില്ല.