കോഴിക്കോട്- ഹൈദരലി ശിഹാബ് തങ്ങളുടെ പിന്‍ഗാമിയായി മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെന്ന് സൂചന നല്‍കി ലീഗ് നേതൃത്വം. അസുഖം കാരണം വിശ്രമിക്കുന്ന ഹൈദരലി തങ്ങള്‍ക്ക് പകരം സാദിഖലിയാണ് കോഴിക്കോട് വഖഫ് സംരക്ഷണ റാലി ഉല്‍ഘാടനം ചെയ്തത്.
സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.എം.എ. സലാം അടക്കം വഖഫ് സംരക്ഷണ റാലിയില്‍ സാദിഖലിയെ പുകഴ്ത്തിയിരുന്നു. സാദിഖലി തങ്ങളുടെ ആഹ്വാനം കേട്ട് വന്നവരെന്നാണ് റാലിക്കെത്തിയവരെ വിശേഷിപ്പിച്ചത്.
സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ നിര്യാണത്തെ തുടര്‍ന്നാണ് പാണക്കാട് പൂക്കോയ തങ്ങള്‍ സംസ്ഥാന അധ്യക്ഷനാവുന്നത്. ബാഫഖി തങ്ങള്‍ അന്തരിക്കുമ്പോള്‍ അഖിലേന്ത്യാ പ്രസിഡന്റായിരുന്നുവെങ്കിലും പൂക്കോയ തങ്ങള്‍ സംസ്ഥാന പ്രസിഡന്റായപ്പോള്‍ അഖിലേന്ത്യാ പ്രസിഡന്റായി ഇബ്രാഹിം സുലൈമാന്‍ സേട്ടിനെ തെരഞ്ഞെടുത്തു. സി.എച്ച്.മുഹമ്മദ് കോയ ലീഗിനെ നിയന്ത്രിച്ചിരുന്ന കാലത്താണിത്.
മുസ്‌ലിംലീഗിലെ പിളര്‍പ്പിന് ശേഷം 1975ലാണ് പാണക്കാട് പൂക്കോയ തങ്ങള്‍ മരിക്കുന്നത്. ആ സമയത്ത് 39 വയസ്സുകാരനായ മുത്ത മകന്‍ മുഹമ്മദലി ശിഹാബ് തങ്ങളെ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുമ്പോള്‍ രാഷ്ട്രീയത്തിന് പുറത്തുനില്‍ക്കുന്ന ആളായിരുന്നു. ഇതോടെ ലീഗ് പ്രസിഡന്റ് സ്ഥാനത്ത് പാണക്കാട് കുടുംബം പ്രതിഷ്ഠ നേടി. 2009ല്‍ മുഹമ്മദലി ശിഹാബിന് ശേഷം സഹോദരന്‍ ഹൈദരലി ശിഹാബ് പ്രസിഡന്റായി. മലപ്പുറം ജില്ലാ പ്രസിഡന്റും സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായിരിക്കെയാണ് ഹൈദരലിയുടെ നിയോഗം. മുഹമ്മദലി ശിഹാബിന്റെ മറ്റൊരു സഹോദരന്‍ ഉമറലി ശിഹാബ് തങ്ങള്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്നു. മുസ്‌ലിംലീഗ് പാര്‍ലിമെന്ററി ബോര്‍ഡ് ചെയര്‍മാനായും ഉമറലി പ്രവര്‍ത്തിച്ചു. ഇദ്ദേഹം 2008ല്‍ മരണമടഞ്ഞു.
പാണക്കാട് കുടുംബത്തില്‍ ലീഗ് പ്രസിഡന്റ് സ്ഥാനം ഉറച്ചതോടെ വിപുലമായി വരുന്ന കുടുംബത്തില്‍ അസ്വസ്ഥതകളും തല പൊക്കിയിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ മകന്‍ മുനവറലി ശിഹാബ് തങ്ങള്‍ യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റാവുന്നതിന് മുമ്പെ സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തിയ ചില പ്രതികരണങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന് തലവേദനയായി. ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈനലി യൂത്ത്‌ലീഗിന്റെ അഖിലേന്ത്യാ വൈസ് പ്രസിഡന്റാണ്. അദ്ദേഹം ചന്ദ്രികയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ചത് വിവാദമായിരുന്നു. യു.ഡി.എഫ്. ഭരണ കാലത്ത് വഖഫ് ബോര്‍ഡ് ചെയര്‍മാനായി പ്രവര്‍ത്തിച്ച റഷീദലി ശിഹാബ് അന്തരിച്ച ഉമറലി ശിഹാബിന്റെ മകനാണ്.
യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റായി വന്ന ആദ്യത്തെ പാണക്കാട് കുടുംബാംഗമാണ് സാദിഖലി. നേരത്തെ ഇ.കെ.വിഭാഗം സുന്നി വിദ്യാര്‍ഥി സംഘടനയായ എസ്.കെ.എസ്.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റായും സാദിഖലി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ മലപ്പുറം ജില്ലാ പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമാണ്. അസുഖബാധിതനായ ഹൈദരലി ശിഹാബിന് പകരം ചുമതലകള്‍ നിര്‍വഹിക്കുന്നത് സാദിഖലിയാണ്.