ജയ്പൂര്‍- മുതിര്‍ന്ന നേതാക്കലായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ അണിനിരക്കുന്ന വമ്പന്‍ കോണ്‍ഗ്രസ് റാലി ജയ്പൂരില്‍ ഞായറാഴ്ച നടക്കും. നേതാക്കളെല്ലാം ജയ്പൂരിലെത്തി. പണപ്പെരുപ്പം, ഇന്ധനത്തിനും പച്ചക്കറികള്‍ക്കും ഉല്‍പ്പെടെ അവശ്യവസ്തുക്കളുടെ കുതിച്ചുയരുന്ന വില തുടങ്ങി വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ ഉന്നമിട്ടാണ് റാലി സംഘടിപ്പിക്കുന്നത്. അടുത്ത വര്‍ഷം ഏഴു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ റാലി കോണ്‍ഗ്രസിന്റെ സുപ്രധാന ചുവട് വെപ്പായാണ് വിലയിരുത്തപ്പെടുന്നത്.
മെഹംഗായ് ഹഠാവോ (വിലയകറ്റം അവസാനിപ്പിക്കൂ) എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് റാലി. പാര്‍ട്ടിയുടെ ശക്തി പ്രകടനമായിരിക്കും ഇത്. കേന്ദ്രത്തില്‍ ബിജെപിയുടെ പതനത്തിലേക്കാണ് ഈ റാലി നയിക്കുക എന്ന് മുന്‍ ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റ് പറഞ്ഞു. രാജസ്ഥാനിലെ കോണ്‍ഗ്രസിനുള്ളിലെ പോര് അവസാനിപ്പിച്ച ശേഷം സചിന് ലഭിക്കുന്ന ഏറ്റവും വലിയ വേദി കൂടിയാകും ഈ റാലി. ഈ റാലിയില്‍ സചിന്‍ പ്രസംഗിക്കും.