ബെംഗളുരു- കര്‍ണാടകയിലെ ഉത്തര കന്നഡ് ജില്ലയിലെ സിര്‍സിയില്‍ ദീപാവലിയോട് അനുബന്ധിച്ച് ഒരു വീട്ടില്‍ നടത്തിയ പശു പൂജയ്ക്കിടെ പശു സ്വര്‍ണമാല വിഴുങ്ങി. ശ്രീകാന്ത് ഹെഗ്‌ഡെയുടെ പശുവാണ് പൂമാലയ്‌ക്കൊപ്പം ആഭരണവും വിഴുങ്ങിയത്. കുളിപ്പിച്ചൊരുക്കിയ പശിവിനെ പൂമാലയും 20 ഗ്രാം തൂക്കമുള്ള സ്വര്‍ണമാലയും അണിയിച്ചിരുന്നു. പൂജ അവസാനിച്ച ശേഷം പൂമാലയ്‌ക്കൊപ്പം സ്വര്‍ണമാലയും അല്‍പ സമയത്തേക്ക് പശുവിനു മുന്നില്‍ ഊരിവച്ചിരുന്നു. ഇതിനിടെയാണ് മാല കാണാതായത്. സ്വര്‍ണം എല്ലായിടത്തും തപ്പിയെങ്കിലും കണ്ടെത്താനായില്ല. പശു വിഴുങ്ങിയതാകാം എന്ന സംശയത്തെ തുടര്‍ന്ന ഒരു മാസത്തോളമായി എല്ലാ ദിവസവും കുടുംബം ചാണകത്തില്‍ തപ്പിക്കൊണ്ടിരുന്നു. ഫലമില്ലെന്ന് കണ്ടതോടെ സന്തോഷ് മൃഗഡോക്ടറുടെ സഹായം തേടുകയായിരുന്നു.
ഡോക്ടറുടെ പരിശോധനയില്‍ പശുവിന്റെ വയറ്റില്‍ ലോഹം ഉള്ളതായി കണ്ടെത്തി. സ്‌കാന്‍ ചെയ്ത് ശേഷം പശുവിന്റെ കുടലില്‍ ശസ്ത്രക്രിയ നടത്തി സ്വര്‍ണമാല പുറത്തെടുക്കുകയായിരുന്നു. പുറത്തെടുത്തപ്പോള്‍ 18 ഗ്രാമായി തൂക്കം കുറഞ്ഞിരുന്നു. സ്വര്‍ണമാല തിരികെ ലഭിച്ചെങ്കിലും പശുവിന്റെ വയര്‍ കീറേണ്ടി വന്ന ഖേദത്തിലാണ് സന്തോഷിന്റെ കുടുംബം. ശസ്ത്രക്രിയയ്ക്കു ശേഷം പശു സുഖംപ്രാപിച്ചു വരുന്നു.