വാഷിങ്ടന്‍- യുഎസിലെ അഞ്ചു സംസ്ഥാനങ്ങളില്‍ വന്‍ നാശം വിതച്ച് ആഞ്ഞു വീശിയ കൊടുങ്കാറ്റില്‍ 80ലേറെ പേര്‍ മരിച്ചതായി റിപോര്‍ട്ട്. ഇത് ദുരന്തമാണെന്നും ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റാണെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. മരിച്ചവരുടെ എണ്ണവും നാശനഷ്ടങ്ങളുടെ കണക്കും തിട്ടപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ചുഴലിക്കൊടുങ്കാറ്റ് പലതവണ ആഞ്ഞടിച്ചത്. ശനിയാഴ്ച വൈകിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. തകര്‍ന്ന വീടുകളില്‍ നിന്നും വ്യാപാര കെട്ടിടങ്ങളുടെ അവിശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കുടുങ്ങിയ ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
കെന്റക്കിയില്‍ മാത്രം 70ലേറെ പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്. ഇവരിലേറെ പേരും ഒരു മെഴുകുതിരി ഫാക്ടറിയിലെ ജോലിക്കാരാണ്. 110 പേരാണ് ഇവിടെ ജോലിക്കാരായി ഉണ്ടായിരുന്നത്. ഇവരില്‍ 40 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ ജീവനോടെ ബാക്കിയാകാന്‍ സാധ്യത കുറവാണെന്നും റിപോര്‍ട്ടുണ്ട്. ഇലിനോയിയിലെ ഒരു ആമസോണ്‍ ചരക്കുസംഭരണ കേന്ദ്രത്തില്‍ രാത്രി ജോലിയിലുണ്ടായിരുന്ന ആറു പേര്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ കെന്റക്കിയിലെ മേഫീല്‍ഡ് പട്ടണം തീപ്പെട്ടിക്കൊള്ളികള്‍ കൂട്ടിയിട്ട പോലെ ആയി മാറിയെന്ന് കെന്റക്കി മേയര്‍ ആന്‍ജി ബെഷീര്‍ വിശേഷിപ്പിച്ചു. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ സഹായങ്ങളും പ്രസിഡന്റ് പ്രഖ്യാപിച്ചു. ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നും ബൈഡന്‍ അറിയിച്ചു.