കോഴിക്കോട്- സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന് നൽകേണ്ടത് മരണത്തിന്റെ വ്യാപാരി പുരസ്‌കാരമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിലാണ് ഫിറോസ് ഇക്കാര്യം പറഞ്ഞത്. സ്‌കൂൾ വിദ്യാർഥികളെ തല്ലാൻ വന്ന സി.ഐ.ടി.യു ഗുണ്ടകളെ നേരിട്ടതാണ് ശുഹൈബ് ചെയ്തതെന്നും ഫിറോസ് പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
എടയന്നൂർ എന്ന പ്രദേശം കീഴല്ലൂർ പഞ്ചായത്തിലാണ്. സി.പി.എമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള പഞ്ചായത്ത്. യു.ഡി.എഫിന് ആകെ രണ്ട് പഞ്ചായത്ത് മെമ്പർമാർ മാത്രമാണുള്ളത്. അസംബ്ലി മണ്ഡലമാണെങ്കിൽ മട്ടന്നൂരാണ്. ഇ.പി ജയരാജന് പോലും നാല്പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം നൽകിയ മണ്ഡലം. അങ്ങിനെയുള്ള സ്ഥലത്താണ് ഒരു ചെറുപ്പക്കാരൻ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചത്. പലവട്ടം ഭീഷണിപ്പെടുത്തിയിട്ടും പിൻമാറാൻ തയ്യാറാവാതിരുന്നത്.
നാട്ടിലെ സ്‌കൂളിൽ കുറച്ചു കുട്ടികളെ കെ.എസ്.യുവിന്റെ മെമ്പർഷിപ്പ് വിതരണത്തിന് ഏർപ്പാടാക്കി. കെ എസ്.യു ക്കാരെ അടിക്കാൻ വന്നത് എസ്.എഫ്.ഐ ക്കാർ മാത്രമായിരുന്നില്ല സി.ഐ.ടി യു ക്കാരുമുണ്ടായിരുന്നു. കുട്ടികളെ സി.ഐ.ടി.യു ക്കാർക്ക് വിട്ടു കൊടുത്ത് ഈ ചെറുപ്പക്കാരൻ നേതാവ് ചമഞ്ഞില്ല. അവർക്കിടയിൽ നെഞ്ച് വിരിച്ച് നിന്നു. തല്ലാൻ വന്നവരെ ഉള്ള ശക്തിയിൽ തിരിച്ചും തല്ലി. ശുഹൈബ് എന്നായിരുന്നു അവന്റെ പേര്. 37 വെട്ടുകൾ ശരീരത്തിൽ വീണപ്പോഴും കൂടെയുള്ളവർക്ക് വല്ലതും പറ്റിയോ എന്നായിരുന്നു അവൻ ചോദിച്ചത്. ധീരൻ എന്നായിരുന്നില്ലേ അവനെ വിളിക്കേണ്ടിയിരുന്നത്?
എന്നാൽ സി.പി.എം ജില്ലാ സിക്രട്ടറിക്ക് അവൻ ക്രിമിനലാണ്. നാട്ടുകാർക്ക് മുന്നിൽ സേവനനിരതനായി എപ്പോഴും പ്രവർത്തിക്കുന്ന അവൻ നാട്ടിലെ സമാധാനം കെടുത്തുന്നവനാണ്. മുമ്പ് ശുക്കൂറിനെ കൊന്നപ്പോഴും ഇയാൾ ഇത് തന്നെയാണ് പറഞ്ഞത്. കാറിൽ പോകുമ്പോ ഇയാളെ തടഞ്ഞത് ശുക്കൂറായിരുന്നു എന്നായിരുന്നു ആരോപണം. തെളിവായി കാർ തടയുന്ന ഫോട്ടോയും കാണിച്ചു. ഫോട്ടോയിൽ കണ്ടത് വേറൊരാളാണെന്ന് തെളിഞ്ഞിട്ടും ഇയാൾ മാറ്റിപ്പറഞ്ഞില്ല.
അങ്ങിനെയുള്ളൊരാൾക്ക് ഫാഷിസ്റ്റ് വിരുദ്ധ പോരാളിപ്പട്ടം കൊടുക്കുന്നുവത്രേ!
കൊടുക്കണം.
ഇപ്പോ തന്നെ കൊടുക്കണം. ശുക്കൂറും ശുഹൈബുമൊക്കെയായിരുന്നല്ലോ ഇന്നാട്ടിലെ ഫാഷിസ്റ്റുകൾ!!
ഇയാൾ ചോരക്കൊതിയനാണ്. ഇയാൾക്ക് കൊടുക്കേണ്ടത് ഫാഷിസ്റ്റ് വിരുദ്ധ പോരാളിപ്പട്ടമല്ല. Merchant of Death (മരണത്തിന്റെ വ്യാപാരി) പുരസ്‌കാരമാണ്.