Sorry, you need to enable JavaScript to visit this website.

അധ്യാപികയുടെ മരണം ഭര്‍ത്താവിന്റെ പീഡനം മൂലമെന്ന് ബന്ധുക്കള്‍, കുട്ടി തന്റേതല്ലെന്ന് കുറ്റപ്പെടുത്തി

കോട്ടയം - കുറുപ്പന്തറ ആക്കാംപറമ്പില്‍ കെവിന്‍ മാത്യുവിന്റെ ഭാര്യ എലിസബത്തിന്റെ മരണം സ്ത്രീധന പീഡനം മൂലമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.പരാതിയില്‍ കേസെടുത്തതായി കടുത്തുരുത്തി പോലീസ് അറിയിച്ചു.
വ്യാഴാഴ്ചയാണ് എലിസബത്തിനെ ബന്ധുവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മാനസിക പീഡനം മൂലമാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന പരാതിയുമായി എലിസബത്തിന്റെ പിതാവ് രംഗത്തെത്തി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും കുട്ടി തന്റേതല്ലെന്ന് കുറ്റപ്പെടുത്തിയും കെവിന്‍ എലിസബത്തിനെ പീഡിപ്പിച്ചിരുന്നതായി ചൂണ്ടിക്കാട്ടി, തമിഴ്നാട് ചെങ്കല്‍പെട്ടില്‍ ജോലി ചെയ്യുന്ന എലിസബത്തിന്റെ പിതാവ് കൊച്ചംപറമ്പില്‍ തോമസാണ് കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയത്.

ഉഴവൂര്‍ കോളജില്‍ ഗസ്റ്റ് അധ്യാപികയായിരുന്ന എലിസബത്തും കുറുപ്പന്തറ സ്വദേശി കെവിനുമായുള്ള വിവാഹം 2019 ജനുവരിയിലാണ് നടന്നത്. നാളുകളായി കെവിനും വീട്ടുകാരും എലിസബത്തിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി പറയുന്നു. 60 പവന്‍ സ്വര്‍ണാഭരണങ്ങളും 3 ലക്ഷം രൂപയും വിവാഹ സമയത്ത് നല്‍കിയെന്നു പരാതിയില്‍ പറയുന്നു.എലിസബത്തിനു ശമ്പളം കുറവാണെന്നും 10 ലക്ഷം രൂപ വീട്ടില്‍ നിന്നു വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് കെവിനും അമ്മയും മാനസികമായി പീഡിപ്പിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. എലിസബത്ത് ഗര്‍ഭിണിയായതോടെ ഇവര്‍ ചെങ്കല്‍പെട്ടിലെ വീട്ടിലേക്കു പോയിരുന്നു. കുഞ്ഞ് തന്റേതല്ലെന്നു പറഞ്ഞ് കെവിനും കുടുംബവും വീണ്ടും പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. ഇരുവരും തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയില്‍ നിലനില്‍ക്കവേയാണ് ആത്മഹത്യ. ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് കുളിമുറിയില്‍ എലിസബത്ത് തൂങ്ങിമരിച്ചത്. ഇവര്‍ക്ക് രണ്ടു വയസുള്ള മകളുണ്ട്.

 

Latest News