ശ്രീനഗർ- ജമ്മു കശ്മീരിലെ ഹിറ നഗർ കഥുവയിൽ പോലീസുകാർ ക്രൂരമായ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ എട്ടു വയസ്സുകാരി ആസിഫ ബാനുവിനെ ഒരാഴ്ചയോളം പ്രതികൾ ഒളിപ്പിച്ചത് മയക്കുമരുന്ന് നൽകിയെന്ന് വെളിപ്പെടുത്തൽ. പ്രതിയായ പോലീസുകാരൻ ആദ്യം നാടൻ മയക്കുമരുന്ന് പ്രയോഗിച്ചാണ് ബാലികയെ ഒളിപ്പിച്ചത്. നിലവിളി പുറത്തു വരാതിരിക്കാനാണ് പ്രതി കുട്ടിയെ മയക്കിക്കിടത്തിയത്. പിന്നീട് ഒരു മരുന്ന് ഷോപ്പിൽ നിന്ന് വാങ്ങിയ മയക്കു മരുന്ന് ദിവസവും നൽകിയിരുന്നതായും പ്രതി സമ്മതിച്ചതായി അന്വേഷണവുമായി അടുപ്പമുള്ള ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി ഗ്രേറ്റർ കശ്മീർ റിപ്പോർട്ട് ചെയ്യുന്നു.
ആദ്യം ജമ്മു കശ്മീർ പോലീസ് അന്വേഷിച്ച കേസ് പോലീസ് ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന ആരോപണം ശക്തമായതിനെ തുടർന്ന് െ്രെകംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരുന്നു. ഇതിനു ശേഷമാണ് പ്രതികളായ ദീപക് ഖജുരിയ, സുരീന്ദർ കുമാർ എന്നീ സ്‌പെഷ്യൽ പോലീസ് ഓഫീസർമാരെ പിടികൂടിയത്. നേരത്തെ പോലീസ് പ്രായപൂർത്തിയാകാത്ത ഒരു ബാലനെ അറസ്റ്റ് ചെയ്ത് സംഭവം മറച്ചു പിടിക്കാൻ ശ്രമിച്ചതായും കണ്ടെത്തിയിരുന്നു. പുതിയ വെളിപ്പെടുത്തലോടെ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചകളാണ് പുറത്തു വന്നിരിക്കുന്നത്.
പ്രതിയായ ദീപക് എന്ന പോലീസുകാരന് ബാലികയെ തട്ടിക്കൊണ്ടു പോയതിനും ബലാൽസംഗം ചെയ്തതിലും നേരിട്ട് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. സുരീന്ദർ കുമാറിന്റെ പങ്കു സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ജനുവരി 10ന് ആസിഫയെ കാണാതായതിനെ തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിലും ദിപക് നേരിട്ട് പങ്കെടുത്തിട്ടുണ്ട്. ബക്‌റെവാൽ സമുദായത്തെ ഭീതിപ്പെടുത്താനാണ് കുറ്റകൃത്യം ചെയ്തതെന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഇപ്പോൾ നടന്നു വരുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നു വ്യക്തമാക്കിയ ആസിഫയുടെ കുടുംബം ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് ആസിഫയുടെ പിതാവ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.