Sorry, you need to enable JavaScript to visit this website.

ക്രിപ്‌റ്റോ കറന്‍സികള്‍ ജനാധിപത്യം ശക്തിപ്പെടുത്താന്‍ ഉപയോഗിക്കണം-മോഡി

ന്യൂദല്‍ഹി- ക്രിപ്‌റ്റോ കറന്‍സികള്‍ പോലുള്ള നവീന ടെക്‌നോളജിയെ ജനാധിപത്യത്തെ ശാക്തീകരിക്കാന്‍ ഉപയോഗിക്കുകയാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ആതിഥ്യമരുളിയ ജനാധിപത്യ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിപ്‌റ്റോ കറന്‍സി, സോഷ്യല്‍ മീഡിയ പോലുള്ള സാങ്കേതികവിദ്യകള്‍ക്ക് ആഗോളതലത്തില്‍ ചട്ടങ്ങള്‍ രൂപപ്പെടുത്താന്‍ സംയുക്ത ശ്രമം വേണമെന്നും പ്രധാനമന്ത്രി മോഡി പറഞ്ഞു.
ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ ആലോചിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അത് നിയന്ത്രിക്കുന്നതിനാവശ്യമായ നിയമനിര്‍മാണമാണ് പരിഗണിക്കുന്നത്.
ഡിജിറ്റല്‍ കറന്‍സികളുടെ നിയന്ത്രണമില്ലാത്ത ഇടപാടുകള്‍ രാജ്യത്തെ സമ്പദ്ഘടനയേയും സാമ്പത്തിക സ്ഥിരതയേയും ബാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് നിരോധം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചിരുന്നത്.
ഇന്ത്യയില്‍ 15 ദശലക്ഷം മുതല്‍ 20 ദശലക്ഷം വരെ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപകരുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.  മൊത്തം ക്രിപ്‌റ്റോ നിക്ഷേപം 40,000 കോടി രൂപ വരുമെന്നും കണക്കാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഔദ്യോഗിക കണക്കുകളൊന്നും നല്‍കാറില്ല.

 

Latest News