ന്യൂദല്‍ഹി- കര്‍ഷക സമരത്തിനിടെ പോലീസ് അക്രമത്തെ തുടര്‍ന്ന് ഒരു കര്‍ഷകന്‍ പോലും മരിച്ചിട്ടില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമാര്‍. കോണ്‍ഗ്രസ് നേതാവ് ധീരജ് പ്രസാദ് സാഹു, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് എന്നിവര്‍ രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര കൃഷി മന്ത്രിയുടെ പ്രതികരണം.
കര്‍ഷക സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്ക് ജീവനോപാധിയായി സാമ്പത്തിക സഹായമോ ജോലിയോ വാഗ്ദാനം ചെയ്യാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് അതിന്റെ ഉത്തരവാദിത്തം ബന്ധപെട്ട സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും മന്ത്രി അറിയിച്ചു.
സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കണക്കുകള്‍ പ്രകാരം കര്‍ഷക സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് 715 കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപെട്ടിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ 15 മുതല്‍ ഡിസംബര്‍ 20 വരെയുള്ള കാലയളവില്‍ ഏകദേശം 41 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇതില്‍ ഭൂരിഭാഗവും പഞ്ചാബ് ജില്ലയിലെ മാല്‍വയില്‍നിന്ന് എത്തിയ കര്‍ഷകരാണ്. കര്‍ഷക സമര വേദികളായ ദല്‍ഹിയിലെ തിക്രി, സിംഗു അതിര്‍ത്തികളില്‍ തമ്പടിച്ച 15 കര്‍ഷകര്‍ ഈ കാലയളവില്‍ അതി ശൈത്യം കാരണമുണ്ടായ ആരോഗ്യ പ്രശ്നങ്ങളില്‍ മരിച്ചു.
ഹരിയാന ഡിജിപി ആയിരുന്ന മനോജ് യാദവ് നല്‍കിയ വിവരമനുസരിച്ച് കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ അതി ശൈത്യത്തിന്റെ സമയമായിരുന്ന നവംബര്‍ അവസാനം മുതല്‍ ഡിസംബര്‍ പകുതി വരെയുള്ള കാലയളവില്‍ 25 കര്‍ഷകരുടെ ജീവന്‍ നഷ്ടപ്പെട്ടു.
പഞ്ചാബില്‍ നിന്ന് മാത്രം മുന്നൂറിലേറെ കര്‍ഷകരുടെ ജീവന്‍ നഷ്ടമായെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കര്‍ഷക സമരത്തിന്റെ ഭാഗമായി മരിച്ചവരുടെ കണക്കുകളൊന്നും തന്നെ കേന്ദ്ര സര്‍ക്കാരിന്റെ കൈവശം ഇല്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. 2020 നവംബര്‍ 24ന് ശേഷം സമരത്തിനിടെ 37 കര്‍ഷകരാണ് ജീവനൊടുക്കിയത്. എന്നാല്‍ ഇവര്‍ ആരും തന്നെ പോലീസ് നടപടികളെ തുടര്‍ന്ന് ജീവന്‍ നഷ്ടപെട്ടവരല്ല. മറ്റു കാരണങ്ങളാല്‍ മരിച്ചവര്‍ക്ക് ധനസഹായം നല്‍കേണ്ട ചുമതല അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് തോമാര്‍ വ്യക്തമാക്കി.