മംഗളൂരു- മോഷ്ടിച്ച സ്വര്‍ണം, വെള്ളി ആഭരണങ്ങളുമായി ജൂവലറി തുടങ്ങിയ പ്രതികള്‍ മോഷണമുതലുകളുമായി പിടിയില്‍. ദാവണഗെരെ സ്വദേശി സി.വി. മാരുതി (33), ചിക്കമഗളൂരുവിലെ നാഗ നായിക് (55) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. വിവിധ വീടുകളില്‍നിന്നും ആരാധനാലയങ്ങളില്‍നിന്നും മോഷ്ടിച്ച 406 ഗ്രാം സ്വര്‍ണം, 16 കിലോ വെള്ളി എന്നിവ ഇവരില്‍നിന്ന് കണ്ടെടുത്തു. ആഭരണങ്ങളും പൂജാസാമഗ്രികളും ഇതില്‍ ഉള്‍പ്പെടും. ഇവയ്ക്ക് മൊത്തം 28 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.
അശോക് നഗറിലെ വീട്ടില്‍ ആളില്ലാത്ത സമയത്ത് നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. തമിഴ്‌നാട്ടില്‍ പോയ വീട്ടുടമ നവംബര്‍ 12ന് തിരിച്ചെത്തിയപ്പോഴാണ് ജനലും വാതിലും തകര്‍ത്ത് കവര്‍ച്ച നടത്തിയ കാര്യമറിയുന്നത്. പരിശോധിച്ചപ്പോള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 6.86 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്ന് ഉര്‍വ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് സിറ്റി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.
പിടിയിലായ നാഗ നായിക് മംഗളൂരുവില്‍ മാത്രം 13 ക്ഷേത്രങ്ങളിലും മൂന്ന് വീടുകളിലും കവര്‍ച്ചനടത്തിയ കേസില്‍ പോലീസ് തിരയുന്ന പ്രതിയാണ്. ഓട്ടോെ്രെഡവറായിരുന്ന മാരുതി, നാഗ നായിക്കുമായി ചേര്‍ന്നതോടെയാണ് വന്‍ കവര്‍ച്ചകള്‍ക്ക് പദ്ധതിയിട്ട് നടപ്പാക്കിയത്. മോഷ്ടിക്കുന്ന ആഭരണങ്ങളും സ്വര്‍ണപ്പാത്രങ്ങളും മറ്റും രൂപമാറ്റംവരുത്തി വില്‍ക്കാനാണ് ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ജൂവലറി തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു. മോഷണമുതലുകള്‍ സംശയിക്കാത്തതരത്തില്‍ ഇവിടെ സൂക്ഷിക്കുകയും ചെയ്തു. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ദാവണഗെരെയിലെ ഒരു ജൂവലറിയില്‍ വിറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കൂടുതല്‍ കവര്‍ച്ച നടത്തിയിട്ടുണ്ടോയെന്നറിയാന്‍ ഇവരെ ചോദ്യംചെയ്യുകയാണ്.