Sorry, you need to enable JavaScript to visit this website.

മേഘാലയയില്‍ എന്‍.സി.പി സ്ഥാനാര്‍ഥിയെ  തീവ്രവാദികള്‍ കൊലപ്പെടുത്തി

ഷില്ലോങ്- നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേഘാലയയില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് (എന്‍സിപി) സ്ഥാനാര്‍ഥി ജോനാതന്‍ നെങ്മിന്‍സ സാങ്മ വിമത പോരാളികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.   ഈസറ്റ് ഗാരോ ഹില്‍സ് ജില്ലയിലെ വില്യംനഗര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്നു ഇദ്ദേഹം.
തലസ്ഥാന നഗരമായ ഷില്ലോങില്‍ നിന്ന് 245 കിലോമീറ്റര്‍ അകലെ സാമന്‍ഡയില്‍ ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് സാങ്മ ആക്രമണത്തിനിരയായത്. തെരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ് മടങ്ങുകയായിരുന്നു അദ്ദേഹം. കുഴിബോംബ് സ്ഫോടനത്തില്‍ ഇവരുടെ വാഹനം തകര്‍ന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഈ വാഹനത്തില്‍ ഏഴു പേരാണ് ഉണ്ടായിരുന്നത്. മൊബൈല്‍ ഫോണ്‍ കവറേജ് പോലുമില്ലാത്ത പ്രദേശമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല. 

2013-ല്‍ സാങ്മ ഇതേ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ഇത്തവണ കോണ്‍ഗ്രസിലെ വിദ്യാഭ്യാസ മന്ത്രി ദെബോറ സി മരക്ക് ഉള്‍പ്പെടെ എട്ടു സ്ഥാനാര്‍ഥികള്‍ ഇവിടെ മത്സര രംഗത്തുണ്ട്. ഫെബ്രുവരി 27-നാണ് വോട്ടെടുപ്പ്.

സ്വതന്ത്ര ഗാരോലാന്‍ഡിനു വേണ്ടി സമര രംഗത്തുള്ള ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മി എന്ന വിമത സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്ന് പറയപ്പെടുന്നു. സാങ്മയ്ക്ക് വോട്ടു ചെയ്താല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ ഈ സംഘടനയുടെ പേരില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ തവണ ഇവിടെനിന്ന് ജയിച്ച ദെബോറയ്ക്കെതിരെ വിമത തീവ്രവാദികളുടെ സഹായം കൈപ്പറ്റി വോട്ടര്‍മാരെ സ്വാധിച്ചുവെന്ന് സാങ്മ പരാതിപ്പെട്ടിരുന്നു.


 

Latest News