'വണ്ടി വള്ളത്തിലും കേറും വളളം വണ്ടിയിലും കേറും' എന്നൊരു ചൊല്ലുണ്ടായിരുന്നു. ഇന്നും അത്തരം വണ്ടിയും വഞ്ചിയും ചങ്ങാടവുമൊക്കെയുണ്ട്; രാഷ്ടീയത്തിലാണെന്നു മാത്രം. ഇന്ന് സോണിയാ മഡം ഒരു പ്രതിപക്ഷ യോഗം വിളിച്ചാൽ ആദ്യം ഹാജർ എന്നു പറഞ്ഞു കൈ പൊക്കുവാൻ എം.കെ. സ്റ്റാലിനും യെച്ചൂരിയും തയാറായെന്നു വരും. പക്ഷേ മമതയെ കിട്ടില്ല. വർഗ വൈരികൾക്ക് ഒരു അവസരം വെറുതെ അവർ എറിഞ്ഞു കൊടുക്കുമോ? യെച്ചൂരി ആന്റ് പാർട്ടി പശ്ചിമ ബംഗാളിൽ ഏകദേശം കുടികിടപ്പുകാരെപ്പോലെ കഴിയുന്നതിനു വർഗപരവും ചരിത്രപരവുമൊന്നും അന്വേഷിച്ചു സമയം കളയണ്ട; കാരണം മമത തന്നെ. കഴിഞ്ഞയാഴ്ച മമത ഒരു യോഗം വിളിച്ചു; സോണിയാജിക്കു അന്ന് സമയമില്ല. പിറ്റേന്ന് സോണിയാജി വിളിച്ച യോഗത്തിനു മുമ്പ് മമതാ ദീദിക്കും അതേ അസുഖം പിടിപെട്ടു- സമയ ദൗർലഭ്യം! ഇങ്ങനെ മമതയ്ക്ക് ആരോടും പ്രത്യേകിച്ചു മമതയില്ലാതിരിക്കുന്നതാണ് മോഡിജിയുടെ കച്ചിത്തുരുമ്പ്.
2025 ൽ കാണാൻ പോകുന്ന പൂരത്തിന് ഇപ്പോഴേ പൊതിച്ചോറുമായി ആരും ഇറങ്ങേണ്ടതില്ല. 1975 ൽ സമ്പൂർണ വിപ്ലവക്കാരനായിരുന്ന ജയപ്രകാശ് നാരായണന്റെ കാറിനു മേൽ കയറി നിന്നു നൃത്തം ചവിട്ടിയതാണ് മമതയുടെ കാലുകൾ. നരസിംഹ റാവു സർക്കാരിൽ മന്ത്രിയുമായിരുന്നു. പക്ഷേ, മമതക്ക് ഇത്തിരിയെങ്കിലും മമത വംഗദേശത്തോടു മാത്രമേയുള്ളൂ. ഇപ്പോൾ ദീദി ആണ്ടിൽ മുന്നൂറു ദിവസവും ദില്ലിയിലാണത്രേ! പ്രതിപക്ഷ ഐക്യമാണ് ലക്ഷ്യമെന്ന് അപവാദം കേൾക്കുന്നുമുണ്ട്. കോൺഗ്രസുമായി ഒരു ഇലയിൽ തന്നെ വിളിമ്പി ഉണ്ണുമോ എന്ന പ്രശ്‌നമുണ്ട്. ഐക്യനിരയുണ്ടായാൽ മുമ്പിൽ കയറി നിൽക്കാൻ മാഡമോ മകൻ രാഹുലനോ തയാറായാൽ മമത സ്ഥലം വിട്ടിരിക്കും. ഇടതു സഖാക്കൾ ആരെയും ക്ഷമിക്കാനും ചുമക്കാനും റെഡിയായാലും മമതാ ദീദിയെ ചുമക്കുമോ? മുമ്പൊരിക്കൽ ദീദിയുടെ കാലുകൾ തല്ലിയൊടിച്ച് ആശുപത്രിയിൽ കിടത്തിയതാണ്. എണീറ്റു നടക്കുമെന്ന് സ്വപ്‌നേപി കരുതിയതല്ല. ഇനി അതേ കാലുകൾ തന്നെ ചുമക്കേണ്ടി വരുന്നത് അണികൾക്കു ദഹിക്കാൻ ഏതു രസായനം കഴിച്ചിട്ടും കാര്യമില്ല. കോൺഗ്രസിനാണെങ്കിൽ അഖിലേന്ത്യാ സഞ്ചാരം നടത്തുന്നതിലേക്ക് ഒരു കടത്തുവള്ളത്തിന്റെ ആവശ്യമേയുള്ളൂ. സംസ്ഥാനമൊന്നുക്ക് ഒരു വള്ളം അല്ലെങ്കിൽ ഒരു വണ്ടി. ദീദിക്കും ബംഗാൾ അതിർത്തി കടന്നാൽ അത്രയ്ക്കുള്ള കോപ്പല്ലേയുള്ളൂ. എങ്കിലും രാഹുലനും മാതാവും ഒഴിവായിക്കിട്ടിയാൽ അതൊക്കെ നോക്കാവുന്നതേയുള്ളൂ. അല്ലെങ്കിലും 'രണ്ടു തല തമ്മിൽ ചേരു#ം, നാലു മുല ചേരില്ല' എന്നൊരു ചൊല്ലുണ്ട്. പഴഞ്ചൊല്ലിൽ പതിരില്ല.
**** **** ****
***** ****
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നീ മുതിർന്ന കുട്ടികൾ നോട്ടപ്പുള്ളികളായിക്കഴിഞ്ഞു. രാഷ്ട്രീയകാര്യ സമിതിയിലോ സ്ഥിരം സമിതിയിലോ ഒരു കാര്യവുമില്ലാത്ത സമിതികളിലോ ഇരുവരെയും കാണാന്മാനില്ല. പത്രപരസ്യം കൊടുത്താലെന്തെന്നു വരെ സുധാകര ഗുരുവും പരികർമി സതീശനാശാനും ആലോചിച്ചതാണ്. തലപുണ്ണാക്കണ്ട എന്നു കരുതി പന്ത് ഹൈക്കമാന്റിന് എറിഞ്ഞു കൊടുക്കണമെന്നു തീരുമാനിച്ചു. ഇതിനിടയിൽ ഇല്ലാത്തതും അർഹിക്കാത്തതുമായി ചില പരിവേഷങ്ങൾ തയ്പിച്ചു അണിഞ്ഞു നടക്കുന്ന പുത്തൻ ദിവ്യന്മാരുണ്ട്. കെ.സി. വേണുഗോപാലിന് അങ്ങനെയൊരു സ്ഥാനക്കയറ്റം കിട്ടിയ മട്ടാണ്. അദ്ദേഹമാണത്രേ കേരള പുനഃസംഘടനയിൽ ചരടു വലിക്കുന്നത്! ഏതു തരം ചരടനാണെന്നത് ചിന്താവിഷയമാണ്. എമ്മെല്ലേ ക്വാർട്ടേഴ്‌സിലെ ചെന്നിത്തലയുടെ മുറിയിലിരുന്നാണ് വേണുഗോപാൽ പല ചരടുവലിക്കാൻ പഠിച്ചതെന്നന്നാണ് കേട്ടുകേൾവി. അങ്ങോർ ചവിട്ടിക്കയറിയ ഏണിയെ പുറംകാലു കൊണ്ട് തട്ടിക്കളഞ്ഞുവെന്നാണ് ഇപ്പോൾ പരാതി. കയറിയതു വേണുവെങ്കിൽ, ഏണി ചെന്നിത്തല തന്നെ എന്ന് തലസ്ഥാനത്തെ ഖദർവാലകൾക്കറിയാം. അതെന്തോ ആകട്ടെ, യുവ കോൺഗ്രസുകാരുടെയും ജില്ലാ ഭാരവാഹികളുടെയുമൊക്കെ പരിശീലനക്കളരികളിൽ ചെന്നിത്തലയെ ഗസ്റ്റ് അധ്യാപകനായി ക്ഷണിക്കാനുള്ള മര്യാദ സുധാകര ഗുരുവും സതീശനും കാട്ടിയില്ല.
ഒരു യോഗത്തിൽ ചെന്നിരുന്ന് ശീതള പാനീയം കുടിച്ചിട്ടു മൗനമാചരിച്ചിട്ട് മടങ്ങാനാണെങ്കിൽ എന്തിനു ചെന്നിത്തല? അതിനു മണക്കാട്ടു ചെല്ലപ്പനോ, നെയ്യാറ്റിൻകര ശേഖരനോ, തമ്പാനൂർ ശശിയോ പോരേ? അതല്ല, രമേശ്ജിയുടെ ക്ലാസ് കേട്ടു പുതുതലമുറ വഴി തെറ്റുമെന്നാണ് ഭയമെങ്കിൽ എല്ലാം അങ്ങട് വീഡിയോ റെക്കോർഡ് ചെയ്താൽ പോരേ? കുറ്റം തെളിഞ്ഞാൽ ആജീവനാന്തം കോൺഗ്രസിനു വെളിയിൽ വെയിലത്തു നിർത്താമല്ലോ. ഉമ്മൻ ചാണ്ടിക്ക് ഇത്തരം അങ്കലാപ്പൊന്നുമില്ല. അദ്ദേഹം അടുത്ത തവണയും പുതുപ്പള്ളിയിൽ നിന്നു മത്സരിക്കും. ഇപ്പോൾ ഹൈക്കമാന്റിനു പരാതി നൽകാൻ പോകുന്ന ഗുരുവിനെയും പരികർമിയെയും അന്നും കാണണം.