ദോഹ- സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെയും അധ്യക്ഷതയില്‍ ആറാമത് സൗദി-ഖത്തര്‍ ഏകോപന സമിതി യോഗം ചേര്‍ന്നു. സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളും സര്‍വ മേഖലകളിലും ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇക്കാര്യങ്ങളില്‍ നടത്തുന്ന ശ്രമങ്ങളും യോഗത്തില്‍ വിശകലനം ചെയ്തു.
സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, സഹമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍, സ്‌പോര്‍ട്‌സ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍, ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍, നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍, വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, സാംസ്‌കാരിക മന്ത്രി ബദ്ര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അല്‍ഈബാന്‍, വാണിജ്യ മന്ത്രിയും ആക്ടിംഗ് മീഡിയ മന്ത്രിയുമായ ഡോ. മാജിദ് അല്‍ഖസബി, നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ്, ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍, സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസല്‍ അല്‍ഇബ്രാഹിം, രഹസ്യാന്വേഷണ ഏജന്‍സി മേധാവി ഖാലിദ് അല്‍ഹുമൈദാന്‍ എന്നിവര്‍ ഏകോപന സമിതി യോഗത്തില്‍ പങ്കെടുത്തു.
ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ അല്‍ഥാനി, ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അതിയ്യ, ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി, ഖത്തര്‍ അമീറിന്റെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് ശൈഖ് അഹ്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍ഥാനി, ധനമന്ത്രി അലി ബിന്‍ അഹ്മദ് അല്‍കവാരി, സ്‌പോര്‍ട്‌സ് മന്ത്രി സ്വാലിഹ് അല്‍അലി, വാണിജ്യ, വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍ഥാനി, ദേശീയ സുരക്ഷാ ഏജന്‍സി മേധാവി അബ്ദുല്ല അല്‍ഖുലൈഫി, ഊര്‍ജകാര്യ സഹമന്ത്രി സഅദ് അല്‍കഅബി, കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ജാസിം അല്‍സുലൈതി, സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുറഹ്മാന്‍ ബിന്‍ ഹമദ് അല്‍ഥാനി, സൗദിയിലെ ഖത്തര്‍ അംബാസഡര്‍ ബന്ദര്‍ ബിന്‍ മുഹമ്മദ് അല്‍അതിയ്യ എന്നിവരും ഏകോപന സമിതി യോഗത്തില്‍ പങ്കെടുത്തു.
ഒമാന്‍, യു.എ.ഇ സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ബുധനാഴ്ച രാത്രി സൗദി കിരീടാവകാശി ഖത്തറിലെത്തിയത്. ദോഹ എയര്‍പോര്‍ട്ടില്‍ ഊഷ്മളമായ സ്വീകരണമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് ലഭിച്ചത്. വിമാനത്തിന്റെ ഗോവണിക്കു സമീപം ഖത്തര്‍ അമീര്‍ സൗദി കിരീടാവകാശിയെ പരസ്പരം ആശ്ലേഷിച്ച് സ്വീകരിച്ചു. എയര്‍പോര്‍ട്ടില്‍ നിന്ന് അമീരി കോര്‍ട്ടിലേക്കാണ് നേതാക്കള്‍ പോയത്. ഇവിടെ വെച്ചാണ് സൗദി കിരീടാവകാശിക്ക് ഔദ്യോഗിക സ്വീകരണം നല്‍കിയത്.
ഖത്തര്‍ അമീരി കോര്‍ട്ടില്‍ വെച്ച് സൗദി കിരീടാവകാശിയും ഖത്തര്‍ അമീറും പ്രത്യേകം ചര്‍ച്ച നടത്തി. മേഖലയില്‍ സുരക്ഷയും സ്ഥിരതയുമുണ്ടാക്കുന്ന നിലക്ക് ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലെ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇരുവരും വിശകലനം ചെയ്തു.