ജിദ്ദ- സിനിമാ പ്രേമികളിൽ ആവേശവും കൗതുകവും ജനിപ്പിച്ച് പ്രദർശനം തുടരുന്ന ജിദ്ദ റെഡ് സീ രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിലെ ഏക ഇന്ത്യൻ സിനിമയായ മലയാളത്തിൽനിന്നുള്ള പക ഇന്ന് പ്രദർശനത്തിന്. ചലച്ചിത്രോത്സവത്തിൽ രണ്ട് ദിവസങ്ങളിലായി പക പ്രദർശിപ്പിക്കും. ആദ്യ പ്രദർശനം ഇന്ന് വൈകിട്ട് 6.15നാണ്. സൗദിയിൽ നടക്കുന്ന ആദ്യ ചലച്ചിത്രോത്സവത്തിൽ തന്നെ മലയാളത്തിൽനിന്നുള്ള ചിത്രം എത്തിയത് മലയാള സിനിമക്കുള്ള അംഗീകാരം കൂടിയാണ്. യുവസംവിധായകൻ നിതിൻ ലൂക്കോസ് രചനയും സംവിധാനവും നിർവഹിച്ച സിനിമയിൽ ബേസിൽ പൗലോസാണ് നായകൻ. വിനിത കോശി, നിതിൻ ജോർജ്, അഭിലാഷ് നായർ, ജോസ് കിഴക്കൻ, അതുൽ ജോൺ, ജോസഫ് മനിക്കൽ, മറിയക്കുട്ടി എന്നിവരാണ് മറ്റു താരങ്ങൾ. അനുരാഗ് കശ്യപ്, ഹൈദരാബാദ് സ്വദേശി രാജു രചകൊണ്ട എന്നിവരാണ് പകയുടെ നിർമാണം. മല്ലേഷ്യം സിനിമയുടെ സംവിധായകൻ കൂടിയായ രാജു രചകൊണ്ട അമേരിക്കയിലെ ടെക്സസിലാണ്.
വയനാടിന്റെ കുടിയേറ്റ ചരിത്രവും കാലങ്ങൾ പഴക്കമുള്ള പകയുമാണ് പകയുടെ ഇതിവൃത്തം. ടൊറന്റോ, ചൈനീസ് ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ച പകക്ക് മികച്ച പ്രതികരണമാണ് കാണികളിൽനിന്ന് ലഭിച്ചത്. അടുത്ത മാസം അമേരിക്കയിൽ നടക്കുന്ന പാം സ്പ്രിംഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിലും പകയുടെ സാന്നിധ്യമുണ്ടാകും.
സൗദിയിലെ പ്രഥമ ചലച്ചിത്രോത്സവത്തിൽ തന്നെ ഇന്ത്യയിൽനിന്നുള്ള ഏക സംവിധായകനായി പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് നിതിൻ ലൂക്കോസ് പറഞ്ഞു. മറ്റു ലോക ചലച്ചിത്രോത്സവങ്ങളിൽനിന്ന് സിനിമക്ക് ലഭിച്ച സ്വീകരണത്തിന്റെ ആവേശത്തിലാണ് നിതിൻ ജിദ്ദയിലെത്തിയത്. എല്ലാ മലയാളികളെയും പോലെ ചെറുപ്പം മുതൽ സിനിമ കണ്ടാണ് വളർന്നത്. അന്നു മുതൽ സിനിമാ സ്വപ്നവും കൂടെയുണ്ടായിരുന്നു. ജീവിതത്തിലുടനീളം സിനിമക്ക് വേണ്ടിയുള്ള യാത്രയിലായിരുന്നു നിതിൻ.
പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പഠനം പൂർത്തിയാക്കിയാണ് നിതിൻ സിനിമ മേഖലയിലേക്ക് ഇറങ്ങിയത്. പഠനം പൂർത്തിയാക്കിയ ശേഷം ഹോളിവുഡിലടക്കം ഇരുപത്തിയഞ്ചോളം സിനിമകളിൽ നിതിൻ പ്രവർത്തിച്ചു. അധ്യാപകനായുള്ള സർക്കാർ ജോലി ഉപേക്ഷിച്ച് സിനിമക്കൊപ്പം ചേരുകയായിരുന്നു. കോഴിക്കോട് ദേവഗിരി കോളേജിൽനിന്ന് ഇംഗ്ലീഷിൽ ബിരുദം പൂർത്തിയാക്കിയ ശേഷമാണ് പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നത്. തുടർന്ന് റസൂൽ പൂക്കുട്ടിയുടെ സ്കോളർഷിപ്പിന് അർഹനായ നിതിൻ, റസൂലിന്റെ നിരവധി ചിത്രങ്ങളിൽ ശബ്ദവിന്യാസം നിർവഹിച്ചു. ആദ്യ സിനിമയായ പകയിൽ ഉടനീളം വയനാടൻ കാടിന്റെയും അരുവികളുടെയും ശബ്ദം മനോഹരമായി ഉൾപ്പെടുത്താനും നിതിന് സാധിച്ചു. വയനാട് മാനന്തവാടി അയിലമൂല ലൂക്കോസിന്റെയും എൽസിയുടെയും മകനാണ് നിതിൻ. അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ളവരുടെ പ്രശംസ ഏറ്റുവാങ്ങിയ സംവിധായകൻ കൂടിയാണ് നിതിൻ. കൂടുതൽ രാജ്യാന്തര മേളകളിലേക്ക് പകക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. സിനിമയെ ഏറെ ഗൗരവത്തോടെ കാണുന്ന നിതിൻ കൂടുതൽ മികച്ച സിനിമകൾ ഇനിയും തന്റേതായി പുറത്തു വരുമെന്നും മലയാളം ന്യൂസിനോട് പറഞ്ഞു. അഞ്ജുവാണ് നിതിന്റെ ഭാര്യ.
സൗദിയിൽ സിനിമ കാണുന്നതിനും സിനിമാ ചർച്ചകളിൽ പങ്കെടുക്കുന്നതിനും ആളുകൾ കാണിക്കുന്ന താൽപര്യം അതിശയിപ്പിക്കുന്നതാണെന്നും സംഘാടന മികവിലും ജിദ്ദ ചലച്ചിത്രോത്സവം മികച്ചു നിൽക്കുന്നതായും നിതിൻ ലൂക്കോസ് പറഞ്ഞു.
ജിദ്ദ ചലച്ചിത്രോത്സവത്തെ ഏറ്റവും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് നിതിൻ പറഞ്ഞു. മാറുന്ന സൗദിയുടെ മുഖമാണ് ചലച്ചിത്രോത്സവം. വരുംനാളുകളിൽ കൂടുതൽ സിനിമകൾ സൗദിയിൽനിന്ന് പുറത്തു വരും. ഏറ്റവും മികച്ച സിനിമകളായിരിക്കും സൗദിയിൽനിന്ന് ലോകത്തിന് മുന്നിലേക്ക് അവതരിക്കുകയെന്ന് പ്രതീക്ഷിക്കുന്നതായും നിതിൻ ലൂക്കോസ് അഭിപ്രായപ്പെട്ടു.