Sorry, you need to enable JavaScript to visit this website.

ഉയര്‍ന്ന സാമ്പത്തിക ഇടപാടുകാര്‍ കരുതിയിരിക്കുക,   വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ആദായനികുതി നോട്ടീസ്

മുംബൈ-ഉയര്‍ന്നതുകയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ ആദായനികുതി വകുപ്പിന്റെ നോട്ടീസ് നിങ്ങള്‍ക്ക് ലഭിച്ചേക്കാം. നിശ്ചിത തുകയ്ക്ക് മുകളില്‍ നടത്തുന്ന ഇടപാടുകള്‍ ബാങ്കുകളും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും ആദായനികുതി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്. വിവരങ്ങള്‍ കൈമാറുന്നതിന് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി ഐടി വകുപ്പ് ഇതിനകം ധാരണയിലെത്തിയിട്ടുണ്ട്. റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഇടപാടുകളുടെ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ നോട്ടീസ് ലഭിച്ചേക്കാം.
പണമായി പത്ത് ലക്ഷം രൂപയില്‍ കൂടുതല്‍ സ്ഥിരനിക്ഷേപമിട്ടാല്‍ ബാങ്കുകള്‍ ആദായനികുതി വകുപ്പിനെ അറിയിക്കും. അതായത് സാമ്പത്തിക വര്‍ഷം ഒന്നിലധികം ഡെപ്പോസിറ്റുകളിലായി ഈ തുകയില്‍ അധികം ഒരുവ്യക്തി നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ആദായനികുതി വകുപ്പിന് വിവരം ലഭിക്കും. ബാങ്കിലെ സേവിങ്‌സ് അക്കൗണ്ടില്‍ സാമ്പത്തികവര്‍ഷം 10 ലക്ഷം രൂപയില്‍കൂടുതല്‍ പണമായി എത്തിയാലും ആദായ നികുതിവകുപ്പില്‍നിന്ന് നോട്ടീസ് ലഭിച്ചേക്കാം. പത്തുലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപമോ പിന്‍വലിക്കലോ നടന്നാല്‍ അധികൃതരെ അറിയിക്കണമെന്നാണ് വ്യവസ്ഥ. കറന്റ് അക്കൗണ്ടില്‍ 50 ലക്ഷം രൂപയാണ് പരിധി.
ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കുന്നതിന് ഒരു ലക്ഷം രൂപയോ അതില്‍കൂടുതലോ പണമായി നല്‍കിയാല്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് വ്യവസ്ഥചെയ്യുന്നു. കൂടാതെ, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ക്കായി ഒരുവര്‍ഷം 10 ലക്ഷം രൂപയോ അതില്‍കൂടുതലോ ചെലവഴിക്കുകയാണെങ്കില്‍ അതേക്കുറിച്ചും ആദായനികുതി വകുപ്പിന് വിവരം ലഭിക്കും. അതുകൊണ്ടുതന്നെ കാര്‍ഡുവഴിയുള്ള ചെലവഴിക്കല്‍ പരിധിക്ക് നിയന്ത്രണംവെയ്ക്കുക. പാന്‍കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ആദായ നികുതി വകുപ്പിന് ചെലവഴിക്കുന്ന തുകയെക്കുറിച്ച് വ്യക്തമായ അറിവ് ലഭിക്കുന്നുണ്ട്. റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ വന്‍കിട ഇടപാടുകള്‍ വെളിപ്പെടുത്തുകയുംവേണം.
30 ലക്ഷം രൂപയ്ക്കുമുകളിലുള്ള വസ്തു വാങ്ങല്‍, വില്‍പന എന്നിവ രജിസ്‌ട്രേഷന്‍ വകുപ്പ് അധികൃതര്‍ നികുതി അധികൃതരെ അറിയിക്കണമെന്നുണ്ട്. അതുകൊണ്ടുതന്നെ വന്‍കിട ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ യഥാസമയം ആദായനികുതി വകുപ്പിന് ലഭിച്ചുകൊണ്ടിരിക്കും. വാങ്ങുന്നവും വില്‍ക്കുന്നവരും നികുതി റിട്ടേണില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയന്നെ് ആദായി നികുതി വകുപ്പ് പരിശോധിക്കും.പത്തുലക്ഷം രൂപക്കുമുകളിലുള്ള ഓഹരി, മ്യൂച്വല്‍ ഫണ്ട്, കടപ്പത്രം എന്നിവയിലെ നിക്ഷേപത്തെക്കുറിച്ച് ആദായനികുതിവകുപ്പ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളുടെ വാര്‍ഷിക വിവര റിട്ടേണ്‍ (എഐആര്‍)സ്‌റ്റേറ്റുമെന്റ് ഐടി വകുപ്പ് കൃത്യമായി സൂക്ഷിക്കുന്നുണ്ട്. നിശ്ചിത പരിധിക്കപ്പുറം ഇടപാട് നടന്നാല്‍ അക്കാര്യം ആദായനികുതിവകുപ്പ് ശേഖരിക്കും. ഫോം 26എഎസിലെ പാര്‍ട്ട് ഇയില്‍ ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകളുടെ വിവരങ്ങള്‍ ലഭിക്കും.
പത്ത് ലക്ഷം രൂപക്കുമുകളില്‍ മൂല്യമുള്ള വിദേശ കറന്‍സി ഇടപാട് നടത്തിയിട്ടുണ്ടെങ്കില്‍ ഇക്കാര്യം വകുപ്പിന് അറിയാന്‍ സംവിധാനമുണ്ട്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍, ട്രാവലേഴ്‌സ് ചെക്ക്, ഡ്രാഫ്റ്റ് എന്നിവവഴിയുള്ള വിദേശ ഇടപാടുകളും ആദായനികുതിവകുപ്പ് നിരീക്ഷിക്കുന്നുണ്ട്.
 

Latest News