ന്യൂദല്‍ഹി-ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രസ്താവന നടത്തി. ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്തസേനാ അന്വേഷണം പ്രഖ്യാപിച്ചതായും എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുകയെന്നും പ്രതിരോധമന്ത്രി അറിയിച്ചു.
പ്രതിരോധമന്ത്രിയുടെ വാക്കുക്കള്‍:
'ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര്‍ സഞ്ചരിച്ച സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ ദൗര്‍ഭാഗ്യകരമായ അപകടവാര്‍ത്ത അഗാധമായ ദുഃഖത്തോടെ ഞാന്‍ സഭയെ അറിയിക്കുന്നു.'
'വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ഇന്നലെ രാവിലെ 11:48 ന് സുലൂര്‍ എയര്‍ ബേസില്‍ നിന്ന് പുറപ്പെട്ടു, ഉച്ചയ്ക്ക് 12:15 ന് വെല്ലിംഗ്ടണില്‍ ലാന്‍ഡ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സൂലൂര്‍ എയര്‍ ബേസിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിന് ഏകദേശം 12:08 ന് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടു' 'കൂനൂരിനടുത്തുള്ള വനത്തില്‍ തീപിടിത്തം കണ്ട് കുറച്ച് നാട്ടുകാര്‍ ഓടിയെത്തി, സൈനിക ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങള്‍ കത്തിനശിക്കുന്നതാണ് അവര്‍ കണ്ടത്. അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്ത എല്ലാവരെയും വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരില്‍ 13 പേരും മരണത്തിന് കീഴടങ്ങിയതായി ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു.'