കുട്ടിക്രിക്കറ്റിലും ഇന്ത്യ

ഇന്ത്യൻ ഇന്നിംഗ്‌സിന് ചുക്കാൻ പിടിച്ച ശിഖർ ധവാൻ
  •  ശിഖർ, ഭുവനേശ്വർ വിജയശിൽപികൾ

ജോഹന്നസ്ബർഗ് - ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ തോൽവിക്ക് ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്കക്ക് കണക്കിന് മറുപടി കൊടുത്ത ഇന്ത്യ ട്വന്റി20 പരമ്പരയിലും വിജയത്തോടെ തുടങ്ങി. ഭാഗ്യത്തിന്റെ കടാക്ഷത്തിൽ ശിഖർ ധവാൻ നേടിയ അർധ സെഞ്ചുറിയോടെ അഞ്ചിന് 203 ലെത്തിയ ഇന്ത്യ ഭുവനേശ്വർകുമാറിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിലൂടെ എതിരാളികളെ ഒമ്പതിന് 175 ൽ ഒതുക്കി. മൂന്നു മത്സര പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി. ഇന്ത്യ ആദ്യമായാണ് ദക്ഷിണാഫ്രിക്കക്കെതിരെ 200 കടക്കുന്നത്. എന്നാൽ നല്ല തുടക്കം കിട്ടിയിട്ടും പരിചയസമ്പത്തില്ലാത്ത ബൗളർമാർക്കെതിരെ വൻ സ്‌കോർ പടുത്തുയർത്താൻ ഇന്ത്യക്കായില്ല.
ആദ്യ ഓവറിൽ ഇരട്ട സിക്‌സറും ബൗണ്ടറിയുമായി 18 റൺസ് വാരി രോഹിത് ശർമയാണ് ഇന്ത്യക്ക് ഗതിവേഗം പകർന്നതെങ്കിലും സഹ ഓപണർ ശിഖറാണ് (39 പന്തിൽ 72) ഇന്നിംഗ്‌സിന്റെ നെടുന്തൂണായത്. പിന്നീട് ഓപണർ റീസ ഹെൻഡ്രിക്‌സ് (50 പന്തിൽ 70) ഒരറ്റത്ത് പൊരുതിയെങ്കിലും മറുതലക്കലൂടെ ഇന്ത്യ വിജയത്തിലേക്ക് വഴി കണ്ടു. ഫർഹാൻ ബെഹാർദീൻ (27 പന്തിൽ 39) മാത്രമാണ് പിന്തുണ കൊടുത്തത്.
ദക്ഷിണാഫ്രിക്ക അപ്പീൽ ചെയ്തിരുന്നുവെങ്കിൽ പത്തിലുള്ളപ്പോൾ ശിഖർ  പുറത്താവേണ്ടിയിരുന്നു. ജൂനിയർ ഡാലയുടെ ലെഗ്‌സൈഡിലേക്ക് വന്ന പന്ത് വിക്കറ്റിന് പിന്നിലേക്കുള്ള വഴിയിൽ ശിഖറിന്റെ ഗ്ലൗസിൽ ചെറുതായി സ്പർശിച്ചെങ്കിലും ദക്ഷിണാഫ്രിക്ക അപ്പീൽ ചെയ്തില്ല. അമ്പയർ വൈഡ് വിളിച്ചു. 
ഡെയ്ൻ പാറ്റേഴ്‌സന്റെ ആദ്യ പന്ത് തന്നെ രോഹിത് (9 പന്തിൽ 21) ഗാലറിയിലേക്ക് പറത്തിയപ്പോൾ ഇന്ത്യയുടെ തുടക്കം കെങ്കേമമായി. എന്നാൽ പുതുമുഖം ഡാല തന്റെ ആദ്യ ഓവറിൽ രോഹിതിനെ മടക്കി. പിന്നീട് വന്ന ഇന്ത്യൻ ബാറ്റ്‌സ്മാന്മാരെല്ലാം രോഹിതിന്റെ വഴി പിന്തുടർന്ന് കാടനടികൾ പായിച്ചു.  
ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കാൻ സുരേഷ് റയ്‌നക്കായില്ല. മൂന്നു സ്റ്റമ്പും തുറന്നുകാട്ടി കിട്ടിയതെല്ലാം അടിക്കാൻ ശ്രമിച്ച റയ്‌ന സിക്‌സറും രണ്ട് ബൗണ്ടറിയുമായി (7 പന്തിൽ 15) മടങ്ങി. സ്പിന്നർ തബ്‌രയ്‌സ് ഷംസിയുടെ ബൗളിംഗിൽ പത്തിലുള്ളപ്പോൾ രക്ഷപ്പെട്ട ക്യാപ്റ്റൻ വിരാട് കോഹ്‌ലി (20 പന്തിൽ 26) സിക്‌സറും ബൗണ്ടറിയും പറത്തിയാണ് സന്തോഷം പ്രകടിപ്പിച്ചത്. എന്നാൽ ഷംസി തന്നെ കോഹ്‌ലിയെ മടക്കി. 
ആൻഡിലെ ഫെഹ്‌ലുക്‌വായോയെ സ്‌കൂപ് ചെയ്യാനുള്ള ശ്രമത്തിലാണ് ശിഖർ പിടികൊടുത്തത്. അവസാന അഞ്ചോവറിൽ 53 റൺസെടുക്കാനേ ഇന്ത്യക്ക് സാധിച്ചുള്ളൂ. മനീഷ് പാണ്ഡെക്കും (27 പന്തിൽ 29) മഹേന്ദ്ര ധോണിക്കും (11 പന്തിൽ 16) വമ്പൻ ഷോട്ടുകൾ കളിക്കാനായില്ല. ഹാർദിക് പാണ്ഡ്യയാണ് (7 പന്തിൽ 13 നോട്ടൗട്ട്) ഇരട്ട ബൗണ്ടറിയോടെ സ്‌കോർ 200 കടത്തിയത്. ചൂണ്ടുവിരലിന് പരിക്കേറ്റ സ്പിന്നർ കുൽദീപ് യാദവ് ഇല്ലാതെയാണ് ഇന്ത്യ കളിച്ചത്. 
ഓപണിംഗ് സ്‌പെല്ലിൽ ഭുവനേശ്വറിനെ മൂന്നാം ഓവർ എറിയിക്കാനുള്ള കോഹ്‌ലിയുടെ തീരുമാനമാണ് ഇന്ത്യക്ക് ബ്രെയ്ക്ത്രൂ നൽകിയത്. ഓപണർ ട്രവർ സ്മട്‌സിനെയും (14) ക്യാപ്റ്റൻ ജെ.പി ഡുമിനിയെയും (3) ഒരോവറിൽ ഭുവനേശ്വർ മടക്കി. അവസാന മൂന്നോവറിൽ ആറ് വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ 50 റൺസ് വേണമെന്ന ഘട്ടത്തിൽ തന്റെ അവസാന ഓവർ എറിയാൻ വന്ന ഭുവനേശ്വർ മൂന്നു വിക്കറ്റ് കൂടിയെടുത്ത് കളി ജയിപ്പിച്ചു. ആദ്യ പന്തിൽ ഹെൻഡ്രിക്‌സിനെ പുറത്താക്കിയ ഭുവനേശ്വർ നാലാമത്തെയും അഞ്ചാമത്തെയും പന്തിൽ ഹെയ്ൻറിഷ് ക്ലാസനെയും (8 പന്തിൽ 16) ക്രിസ് മോറിസിനെയും (0) പുറത്താക്കി. ഭുവനേശ്വറിന്റെ അവസാന പന്തിൽ പാറ്റേഴ്‌സൻ (1) റണ്ണൗട്ടുമായതോടെ പതിനെട്ടാം ഓവറിൽ നാല് വിക്കറ്റ് വീണു. ഒരോവറിനിടെ നാലിന് 154 ൽനിന്ന് എട്ടിന് 159 ലേക്ക് ടീം കൂപ്പുകുത്തി.

 


 

Latest News