Sorry, you need to enable JavaScript to visit this website.

ഗുജറാത്ത് വീണ്ടും കത്തുന്നു

ആത്മഹത്യ ചെയ്ത ദലിത് സാമൂഹ്യ പ്രവർത്തകൻ ഭാനുഭായ് വങ്കാറിന്റെ സഹോദരൻ

അഹമ്മദാബാദ് - ദലിതർക്ക് അനുവദിച്ച ഭൂമി വിട്ടു നൽകാൻ സർക്കാർ തയാറാകാത്തതിനിടെ തുടർന്ന് ആത്മഹത്യ ചെയ്ത ദലിത് സാമൂഹ്യ പ്രവർത്തകൻ ഭാനുഭായ് വങ്കാറിന്റെ മരണം ഗുജറാത്തിൽ വീണ്ടും ദലിത് പ്രക്ഷോഭം ആളിക്കത്തിച്ചു. പത്താൻ ജില്ലയിലെ ദുഡ്കയിൽ ദലിത് തൊഴിലാളികൾക്ക് സർക്കാർ അനുവദിച്ച ഭൂമിക്കു മേലുള്ള അവകാശം എത്രയും വേഗം അവർക്കു കൈമാറണമെന്നാവശ്യപ്പെട്ട് ഏറെ നാളുകളായി സമരം ചെയ്യുന്നതിനിടെയാണ് സർക്കാർ ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് കലക്ടറേറ്റിന് മുമ്പിൽ വങ്കാർ തീകൊളുത്തി ആത്മഹത്യ ചെയ്തത്.
തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ദലിതർ പ്രതിഷേധവുമായി രംഗത്തു വന്നു. അതിനിടെ യുവദലിത് സമരനായകനും എംഎൽഎയുമായ ജിഗനേഷ് മേവാനി ദലിതരോട് പ്രതിഷേധവുമായി രംഗത്തിറങ്ങാൻ ആഹ്വാനം ചെയ്തതോടെ സംസ്ഥാനത്ത് വീണ്ടും ദലിത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കാൻ അഹമദാബാദിലേക്ക് വരികയായിരുന്നു മേവാനിയെ പോലീസ് വഴിയിൽ തടഞ്ഞു. പോലീസ് ക്രൂരമായാണ് മേവാനിയെ കാറിൽ നിന്നും വലിച്ചിറക്കിയതെന്ന് ആരോപണമുണ്ട്. ഞായറാഴ്ച 70 ഓളം പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
വങ്കാറിന്റെ ആത്മഹത്യയോടെ സമ്മർദ്ദത്തിലായ ബിജെപി സർക്കാർ വങ്കാർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഭൂമിയുടെ കൈവശാവകാശം വിട്ടു കൊടുക്കണമെന്ന് വങ്കാർ ആവശ്യപ്പെട്ടിരുന്ന രണ്ടു ദലിതർക്ക് അതു നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധങ്ങൾ ഒടുങ്ങിയില്ല. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച 61കാരനായ വങ്കാർ മേവാനി നയിക്കുന്ന രാഷ്ട്രീയ ദലിത് അധികാർ മഞ്ചിന്റെ ഭാഗമായി 2016ലെ ഉനാ ദലിത് പ്രക്ഷോഭം മുതൽ പ്രവർത്തിച്ചു വരികയായിരുന്നു.
പ്രതിഷേധങ്ങൾക്കിടിയെ അഹമദാബാദിലെ സമാധാനാന്തരീക്ഷം താറുമാറാക്കില്ലെന്ന് ദലിത് നേതാക്കൾ ഉറപ്പു നൽകിയിരുന്നെങ്കിലും മേവാനി ഈ ഉറപ്പ് തരാത്തതിനെ തുടർന്നാണ് അദ്ദേഹത്തെ പിടികൂടിയതെന്ന് ജോയിന്റ് പോലീസ് കമ്മീഷണർ ജെ കെ ഭട്ട് പറഞ്ഞു. മേവാനി പോലീസുമായി സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പോലീസ് തന്നോട് പെരുമാറിയത് വളെ മോശമായാണെന്നും തന്റെ കാറിന്റെ കീ പോലും പൊട്ടിച്ചെന്നും മേവാനി പറഞ്ഞു. സറങ്പൂരിലെ അംബേദ്കർ പ്രതിമയ്ക്കു സമീപം നടക്കുന്ന സമാധാനപരമായ പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കാൻ പോകവെയാണ് തന്നോട് പോലീസ് മോശമായി പെരുമാറിയതെന്നും മേവാനി ട്വിറ്റർ പോസ്റ്റിലൂടെ അറിയിച്ചു. 

പ്രക്ഷോഭങ്ങളെ നേരിടാൻ വൻ സുരക്ഷാ സന്നാഹങ്ങളാണ് അഹമ്മദാബാദിൽ ഒരുക്കിയിരുന്നത്. രണ്ടു കമ്പനി കലാപ വിരുദ്ധ ദ്രുത കർമ സേനയും മൂന്ന് കമ്പനി സംസ്ഥാന റിസർവ് പോലീസിനേയും വിന്യസിച്ചിട്ടുണ്ട്. മരിച്ച വങ്കാറിന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചതായി മുഖ്യമന്ത്രി വിജയ് രൂപാണി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് സർക്കാർ ഇറക്കണമെന്നാണ് മേവാനി ആവശ്യപ്പെട്ടത്.
മേവാനിയെ പോലീസ് പിടികൂടിയ വാർത്ത പരന്നോടെ പലയിടത്തും പ്രതിഷേധം ആക്രമാസക്തമായി. വഡജ മേഖലയിൽ പ്രിതിഷേധക്കാർ ഒരു കാറിന് തീയിട്ടു. പത്താൻ, ഗാന്ധിനഗർ, വങ്കാറിന്റെ നാടായ മെഹസാന ജില്ലയിലെ ഉഞ്ച എന്നിവിടയങ്ങളിൽ ദലിത് പ്രക്ഷോഭകർ റോഡുകൾ തടഞ്ഞു. വങ്കാറിന്റെ മരണം അന്വേഷിക്കാൻ മുൻ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൻ അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്ന് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും പ്രഖ്യാപിച്ചിട്ടുണ്ട്. ദലിതരുടെ പ്രതിഷേധം തണുപ്പിക്കാൻ ഇതിനകം പലപ്രഖ്യാപനങ്ങളും സർക്കാർ നടത്തിയെങ്കിലും പ്രതിഷേധം തുടരുകയാണ്.
 

Latest News