ഹൂസ്റ്റണ്‍- ഫൈസര്‍ വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബൂസ്റ്റര്‍ ഷോട്ടില്‍നിന്നു കാര്യമായ ഗുണം ലഭിക്കുന്നുവെന്ന് പഠനം. ബോസ്റ്റണിലെ ബെത്ത് ഇസ്രായേല്‍ ഡീക്കനെസ് മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ രണ്ടു തവണ ഫൈസര്‍ വാക്സിന്‍ എടുത്ത 65 പേരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറു മാസത്തിനു ശേഷം ഗവേഷകര്‍ 24 സന്നദ്ധപ്രവര്‍ത്തകര്‍ക്ക് മൂന്നാം ഡോസ് ഫൈസര്‍ വാക്സിന്‍ നല്‍കുകയും 41 പേര്‍ക്കു ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഷോട്ട് നല്‍കുകയും ചെയ്തു. രണ്ട് വാക്‌സിന്‍ ബ്രാന്‍ഡുകളും കോവിഡിനെതിരെ പോരാടുന്ന ടി-സെല്ലുകളുടെ എണ്ണം വര്‍ധിപ്പിച്ചു. ഇത് ദീര്‍ഘകാല സംരക്ഷണത്തിനും അണുബാധകള്‍ ഗുരുതരമായ രോഗമായി മാറുന്നത് തടയുന്നതിനും പ്രധാനമാണ്. എന്നാല്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ നല്‍കിയ ടി-സെല്‍ വര്‍ധനവ് ഫൈസറിന്റേതിനേക്കാള്‍ ഇരട്ടി കൂടുതലാണെന്നാണ് കണ്ടെത്തല്‍.