തൊടുപുഴ- ആറുവയസുകാരിയെ പീഡിപ്പിച്ച യുവാവിന് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപാ പിഴയും വിധിച്ചു. വെള്ളിയാമറ്റത്ത് ഇളംദേശം വാണിയപ്പുരയ്ക്കല്‍ അജിനാസിനെയാണ്(24)തൊടുപുഴ പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി നിക്സണ്.എം .ജോസഫ് ശിക്ഷിച്ചത്. ഇരയ്ക്ക് നാല് ലക്ഷം രൂപാ നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്.
2015 മേയ് 16ന് ആണ് കേസിനാസ്പദമായ സംഭവം. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി വീടിന്റെ കിടപ്പുമുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവ വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കഴുത്തില്‍ കത്തി വച്ച് ഭയപ്പെടുത്തിയിരുന്നു. കുട്ടിയെ പീഡനത്തിന് ഇരയാക്കിയതിന് പത്ത് വര്‍ഷംകഠിന തടവും ഒരു ലക്ഷം രൂപാ പിഴയ്ക്കും വിധിച്ചു. പിഴ അടയ്ക്കാത്തപക്ഷം ആറ്മാസം കൂടി കഠിനതടവ് അനുഭവിക്കണം. മരണഭയം ഉളവാക്കുന്ന തരത്തില്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ഒരു വര്‍ഷം കഠിനതടവും അയ്യായിരം രൂപാപിഴയ്ക്കും കോടതി വിധിച്ചു.
കുട്ടിയെ കൈകൊണ്ട് അടിച്ച് വേദനിപ്പിച്ചതിന് ഏഴ് ദിവസം കഠിന തടവുകൂടി അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വിധിച്ചു. പീഡനത്തിന് ഇരയായ കുട്ടിക്കുണ്ടായ മാനസീക ആഘാതത്തിനും പുനരധിവാസത്തിനുമായി നാല് ലക്ഷം രൂപാ നഷ്ടപരിഹാരം കുട്ടിക്ക് ലഭ്യമാക്കാന്‍ തൊടുപുഴ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിക്ക് കോടതി നിര്‍ദ്ദേശം നല്കി. വിധിപ്പകര്‍പ്പ് ലഭിച്ച് മുപ്പത് ദിവസത്തിനകം നഷ്ടപരിഹാരതുക ലഭ്യമാക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രോസിക്യുഷന് വേണ്ടി സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ പി.ബി വാഹിദ ഹാജരായി.