പാലക്കാട്- ആരോഗ്യവകുപ്പിന്റെ കർശനവിലക്ക് ലംഘിച്ച് അട്ടപ്പാടിയിലെ സർക്കാർ നോഡൽ ഓഫീസർ മാധ്യമപ്രവർത്തകരെ കണ്ടു, ആരോഗ്യവകുപ്പുദ്യോഗസ്ഥർക്കെതിരേ രൂക്ഷവിമർശനം. അട്ടപ്പാടിയിലെ വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് നിയോഗിക്കപ്പെട്ട നോഡൽ ഓഫീസർ ഡോ. പ്രഭുദാസ് ആണ് രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. കൈക്കൂലിയാണ് അട്ടപ്പാടിയിലെ സർക്കാർ പദ്ധതികൾ ലക്ഷ്യം കാണാതിരിക്കുന്നതിന് പ്രധാന കാരണമെന്നും അതിനെതിരേ ശക്തമായ നിലപാടെടുത്ത തന്നെ കള്ളനാക്കാനാണ് ശ്രമിക്കുന്നത് എന്നും പ്രഭുദാസ് പറഞ്ഞു. ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം അട്ടപ്പാടിയിലെത്തിയപ്പോൾ കൂടെയുണ്ടായിരുന്ന ചിലർ തന്നെയാണ് അവരെ തെറ്റിദ്ധരിപ്പിച്ചത് എന്ന് 2007 മുതൽ അട്ടപ്പാടിയിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന പ്രഭുദാസ് പറഞ്ഞു. മുൻകൂർ അനുമതി വാങ്ങാതെ ആരോഗ്യപ്രവർത്തകർ മാധ്യമങ്ങളുമായി സംസാരിക്കരുത് എന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഞായറാഴ്ച കർശന ഉത്തരവ് പുറത്തിറക്കിയതിന് തൊട്ടു പിറകേയാണ് അതേ വകുപ്പിലെ ഒരു പ്രധാന ഉദ്യോഗസ്ഥൻ അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കി ആഞ്ഞടിച്ചിരിക്കുന്നത്.
കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ വികസനത്തിനു വേണ്ടി രൂപം കൊടുത്ത മാനേജ്‌മെന്റ് കമ്മിറ്റിയിലെ ചിലരാണ് ആരോഗ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് തന്നെ മോശക്കാരനാക്കാൻ ശ്രമിച്ചത്. മന്ത്രി അത് വിശ്വസിച്ചു. കാന്റീനു വേണ്ടിയും പാലിനു വേണ്ടിയും നൽകുന്ന പണം സർക്കാർ അനുവദിച്ചാലേ നൽകാനാവൂ. കൈക്കൂലി നൽകാതെ ബില്ല് പാസാകാത്ത അവസ്ഥയുണ്ട്. ഇതിനെതിരേ നിരവധി പരാതികൾ തനിക്ക് ലഭിച്ചിരുന്നു. അത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയതുമാണ്. തുടർനടപടിയൊന്നും ഉണ്ടായില്ല. ഒരാൾക്കും കൈക്കൂലി നൽകാനാവില്ല എന്ന നിലപാടെടുത്ത തന്നെ സംഘം ചേർന്ന് ഒറ്റപ്പെടുത്തുകയായിരുന്നു. കോട്ടത്തറ ആശുപത്രിയെ മികച്ച ആശുപത്രിയാക്കി മാറ്റാനായത് താൻ സൂപ്രപ്രണ്ട് ആയിരിക്കുമ്പോഴാണ്. താൻ ലക്ഷങ്ങൾ വെട്ടിച്ചുവെന്ന മട്ടിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിനു മുമ്പ് ഒരു വിശദീകരണം ചോദിക്കാമായിരുന്നു. സർക്കാരിന്റെ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ചുമതലക്കപ്പുറം അധികാരങ്ങളൊന്നും ഒരു നോഡൽ ഓഫീസർക്ക് ഇല്ല. ഏതായാലും ഒളിച്ചോടാൻ തയാറല്ല. ഒരു തെറ്റും ചെയ്തിട്ടില്ല. കൈക്കൂലി വാങ്ങിയിട്ടുമില്ല. തന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് ഏതറ്റം വരെയും പോകും. അച്ചടക്കനടപടിയെ ഭയപ്പെടുന്നില്ല -ഡോ. പ്രഭുദാസ് പറഞ്ഞു.
ശനിയാഴ്ച മുന്നറിയിപ്പില്ലാതെ ആരോഗ്യമന്ത്രി അട്ടപ്പാടിയിലെത്തിയപ്പോൾ നോഡൽ ഓഫീസറുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തെ പ്രിൻസിപ്പൽ സെക്രട്ടറി അടിയന്തര മീറ്റിങ്ങിനായി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതാണ് എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ ഇല്ലാത്ത മീറ്റിംഗിന്റെ പേരിലാണ് തന്നെ മന്ത്രി എത്തുമ്പോൾ അട്ടപ്പാടിയിൽനിന്ന് മാറ്റി നിർത്തിയത് എന്ന ആരോപണമാണ് പ്രഭുദാസ് ഉയർത്തുന്നത്.