കാൺപൂർ- രത്‌ന വ്യവസായി നീരവ് മോഡി 11,300 കോടി രൂപ പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് തട്ടിയെടുത്ത് രാജ്യം വിട്ട സംഭവത്തിന്റെ ആരവങ്ങൾ അടങ്ങു മുമ്പ് പൊതുമേഖലാ ബാങ്കുകളെ പറ്റിച്ച് മുങ്ങിയ മറ്റൊരു വ്യവസായിയുടെ കഥ കൂടി പുറത്തു വരുന്നു. റോട്ടോമാക്ക് പേന നിർമ്മാതാക്കളായ കമ്പനി ഉടമ വിക്രം കോത്താരി വിവിധ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് മൊത്തം 800 കോടിയിലേറെ രൂപ തട്ടിയെന്നാണ് റിപ്പോർട്ട്. അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ സർക്കാർ നിയന്ത്രിത ബാങ്കുകൾ ചട്ടങ്ങളിൽ ഇളവു നൽകിയാണ് കോത്താരിക്ക് ഇത്രയും കോടി രൂപയുടെ വായ്പ അനുവദിച്ചത്.
യൂണിയൻ ബാങ്കിൽ നിന്ന് 485 കോടി രൂപയും അലഹാബാദ് ബാങ്കിൽ നിന്ന് 352 കോടി രൂപയുമാണ് കോത്താരി വായ്പ എടുത്തത്. വർഷം ഒന്നു പിന്നിട്ടിട്ടും ഇത് തിരിച്ചടക്കുകയോ പലിശ അടക്കുകയോ ചെയ്തിട്ടില്ല. കാൺപൂർ സിറ്റി സെന്ററിലെ കോത്താരിയുടെ ഓഫീസ് ഒരാഴ്ചയോളമായി അടഞ്ഞു കിടക്കുകയാണ്. ഇദ്ദേഹം എവിടെയാണെന്നതു സംബന്ധിച്ച് വിവരവുമില്ല. കോത്താരിയുടെ ആസ്തികൾ വിറ്റ് ഈ തുക തിരിച്ചുപിടിക്കാമെന്നാണ് പ്രതീക്ഷയെന്ന് അലഹാബാദ് ബാങ്ക് മാനേജർ രാജേഷ് ഗുപ്ത പറഞ്ഞു.