- അവാർഡ് സിനിമകൾക്ക് ഏഴു ലക്ഷത്തിലേറെ ഡോളർ സമ്മാനം
ജിദ്ദ - റെഡ്‌സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി റെഡ്‌സീ സൂഖ് തിയേറ്ററിൽ നടക്കുന്ന പരിപാടികളുമായും നാളെ മുതൽ നാലു ദിവസം നീണ്ടുനിൽക്കുന്ന ടാലന്റ് ഡെയ്‌സ് പ്രോഗ്രാമുമായും ബന്ധപ്പെട്ട വിശദാംശങ്ങൾ റെഡ്‌സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വെളിപ്പെടുത്തി. സൗദിയിൽ ചലച്ചിത്ര വ്യവസായം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് നിരവധി പരിപാടികൾ ഫെസ്റ്റിവൽ മുന്നോട്ടുവെക്കുന്നു. ഫെസ്റ്റിവലിൽ വിജയികളാകുന്ന പ്രതിഭകൾക്ക് അനുഭവങ്ങൾ പങ്കുവെക്കാനും പങ്കാളിത്തം സുഗമമാക്കാനും ഒരുകൂട്ടം സിനിമാ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്താൻ അവസരം ലഭിക്കും.
ഫിലിം ഫെസ്റ്റിവലിൽ സെമിനാറുകളും ഫിലിം പ്രദർശനങ്ങളും ഉൾപ്പെടുന്നു. കൂടാതെ പ്രാദേശികവും അന്തർദേശീയവുമായ ചലച്ചിത്ര നിർമാതാക്കളുമായും എക്‌സിക്യൂട്ടീവുകളുമായും ആശയവിനിയമം നടത്താൻ അവസരമൊരുക്കുന്ന ഫെസ്റ്റിവൽ ലോകത്തെങ്ങും നിന്നുള്ള കമ്പനികൾ, സമിതികൾ, സ്ഥാപനങ്ങൾ എന്നിവയുടെ പ്രൊമോഷനൽ പ്ലാറ്റ്‌ഫോമുകൾക്കായി പ്രത്യേക സ്റ്റോറും നൽകുന്നു.
റെഡ്‌സീ ലാബിൽ നിന്നുള്ള 12 പ്രൊജക്ടുകൾ, റെഡ്‌സീ സൂഖിൽ നിന്നുള്ള 11 പ്രൊജക്ടുകൾ എന്നിവയുൾപ്പെടെ 23 പ്രൊജക്ടുകളുടെ അവതരണത്തോടെ റെഡ്‌സീ സൂഖിലെ പരിപാടികൾ ആരംഭിക്കും. പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലുള്ള അഞ്ചു സിനിമകളും പ്രദർശിപ്പിക്കും. റെഡ്‌സീ സൂഖിൽ പ്രദർശിപ്പിക്കുന്ന മുഴുവൻ സിനിമകളും സൗദി കവി അഹ്മദ് അൽമുല്ല, അമേരിക്കൻ നിർമാതാവ് അലിക്‌സ് മഡിഗൻ, ജർമൻ നിർമാതാവ് തനാസിസ് കരത്തനോസ് എന്നിവർ ഉൾപ്പെട്ട സ്വതന്ത്ര ജൂറിയുടെ വിശകലനത്തിന് വിധേയമാണ്.
നിർമാണ ഘട്ടത്തിലുള്ള സിനിമകൾ വിലയിരുത്തുക റെഡ്‌സീ ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ അലെക്‌സ് മൂസ സാവദോഗൊ, ഫലസ്തീൻ സംവിധായക ആൻ മേരി ജാസിർ, ഫ്രഞ്ച് സംവിധായകൻ ലാഡ്ജി ലി എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ്. റെഡ്‌സീ സൂഖ് അവാർഡ് സിനിമകൾക്ക് ഏഴു ലക്ഷത്തിലേറെ ഡോളർ സമ്മാനം ലഭിക്കും. റെഡ്‌സീ ഫണ്ടിൽ നിന്നുള്ള ഫണ്ടിംഗും സ്‌പോൺസർമാരുടെ ഉദാരമായ സംഭാവനയും ഉപയോഗിച്ചാണ് വിജയികൾക്ക് സമ്മാനം നൽകുക. റെഡ്‌സീ സൂഖ് ചർച്ചകളിൽ ശിൽപശാലകൾ, ഫിലിം സെമിനാറുകൾ, സിനിമാ മേഖലാ വിദഗ്ധരുടെ ക്ലാസുകൾ എന്നിവ ഉൾപ്പെടുന്നു. സിനിമാ മേഖലാ വിദഗ്ധരായ അതിഥികളും റെഡ്‌സീ സൂഖ് പങ്കാളികളും പങ്കെടുക്കുന്ന സിനിമാ ആശയവിനിയ സെഷനുകളും നടക്കും. അന്താരാഷ്ട്ര വൈവിധ്യത്തെ പിന്തുണക്കുന്നതിന് ഫെസ്റ്റിവൽ ശ്രദ്ധാപൂർവം തെരഞ്ഞെടുത്ത ഏഴു സിനിമകൾ റെഡ്‌സീ സൂഖ് തിയേറ്ററിൽ പ്രദർശിപ്പിക്കും.