Sorry, you need to enable JavaScript to visit this website.

വിസ കിട്ടിയില്ല, കാമുകിയെ കാണാന്‍ അതിര്‍ത്തി ചാടിക്കടന്ന പാക് യുവാവ് അറസ്റ്റില്‍

ജയ്പുര്‍- ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയത്തിലായ യുവതിയെ കാണാന്‍ അതിര്‍ത്തിവേലി ചാടിക്കടന്ന പാക്കിസ്ഥാനി യുവാവ് അറസ്റ്റില്‍.
രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് പാക് അതിര്‍ത്തി ജില്ലയായ ബഹവല്‍പുര്‍ സ്വദേശിയായ 22കാരന്‍ മുഹമ്മദ് ആമിര്‍ പിടിയിലായത്. മുംബൈയിലുള്ള കാമുകിയെ  കാണാനാണ് അതിര്‍ത്തി കടന്നതെന്ന്  യുവാവ് സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ബി.എസ്.എഫിന്റെ പട്രോളിങിനിടെയാണ് ഇയാള്‍ പിടിയിലായതെന്ന്  ശ്രീ ഗംഗാനഗര്‍ എസ്.പി ആനന്ദ് ശര്‍മ പറഞ്ഞു. മൊബൈല്‍ ഫോണും പണവും യുവാവില്‍ നിന്ന് കണ്ടെടുത്തു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഇയാള്‍ അവകാശപ്പെടുന്ന കാര്യങ്ങള്‍ അന്വേഷിക്കുമെന്നും എസ്.പി പറഞ്ഞു.
ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവതിയുമായി താന്‍ പ്രണയത്തിലാണെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ യുവാവ് സമ്മതിച്ചു. പരസ്പരം നമ്പറുകള്‍ കൈമാറുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും യുവാവ് പറഞ്ഞു.  
മുംബൈയിലേക്ക് പോകുന്നതിന് വിസയ്ക്ക് അപേക്ഷിച്ചെങ്കിലും ഇന്ത്യന്‍ അധികൃതര്‍ അപേക്ഷ നിരസിച്ചതായി മുഹമ്മദ് ആമിര്‍ പറഞ്ഞു.  മുംബൈയിലേക്കുള്ള യാത്ര മാറ്റിവെക്കാന്‍ കഴിയില്ലായിരുന്നുവെന്നും അതുകൊണ്ടാണ് അതിര്‍ത്തി ചാടി കടന്ന് മുംബൈയിലെത്താന്‍ ശ്രമിച്ചതെന്നും യുവാവ് പറഞ്ഞു.
അതിര്‍ത്തിയില്‍ നിന്ന് 1200 കിലോമീറ്റര്‍ അകലെയുള്ള മുംബൈയിലേക്ക് എങ്ങനെ പോകുമെന്നതിന് ഇയാള്‍ക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. നടന്നു പോകുമെന്നാണ് യുവാവ് പറഞ്ഞതെന്നും പോലീസ് വെളിപ്പെടുത്തി.
ഇന്ത്യപാക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് അമീര്‍ താമസിക്കുന്ന ഹസില്‍പൂര്‍ തഹ്‌സില്‍.

 

Latest News