ന്യൂദല്‍ഹി- നിരവധി ബോളിവുഡ് സിനിമകളില്‍ പാടിയ പ്രശസ്ത പാക്കിസ്ഥാനി ഗായകന്‍ റാഹത്ത് ഫതേഹ് അലി ഖാന്‍ പാടിയ ഗാനം വെല്‍ക്കം റ്റു ന്യൂ യോര്‍ക്ക് എന്ന പുതിയ ബോളിവുഡ് ചിത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര മന്ത്രിയും മുന്‍ ഗായകനുമായ ബാബുല്‍ സുപ്രിയോ.
അതിര്‍ത്തിയില്‍ സംഘര്‍ഷം നടക്കുമ്പോള്‍ പാക് ഗായകരെ വിളിച്ചു പാടിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ബി.ജെ.പി നേതാവ് കൂടിയായ സുപ്രിയോ പറഞ്ഞു. ഈ സിനിമയില്‍ റാഹത്തിന്റെ ഗാനമുണ്ടെങ്കില്‍ അദ്ദേഹത്തെ മാറ്റി മറ്റാരെ കൊണ്ടെങ്കിലും പാടിക്കണം. ദില്‍ ദിയാ ഗലന്‍ എന്ന ഗാനം നമ്മുടെ അരിജിത്ത് നന്നായി പാടുമെന്നിരിക്കെ പാക് ഗായകനായ ആതിഫ് അസ്്‌ലമിനെ കൊണ്ട് എന്തിനു പാടിക്കണം-മന്ത്രി ചോദിച്ചു. പാക്കിസ്ഥാന്‍ ഭീകരരുടെ ആക്രമണത്തില്‍ നമ്മുടെ സൈനികര്‍ മരിച്ചു വീഴുമ്പോള്‍ എഫ.്എം സ്റ്റേഷനുകളില്‍നിന്ന് കേട്ടിരുന്നത് ഈ പാട്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
റാഹത്തിനോടും ആതിഫിനോടും തനിക്ക് വിരോധമില്ലെന്നും അവര്‍ പാക്കിസ്ഥാനികളാണെന്നതു മാത്രമാണ് പ്രശ്നമെന്നും സുപ്രിയോ പറഞ്ഞു. ഇരുവരും വലിയ കലാകാരന്മാരും ഗായകരുമാണ്. ഇവരെ മാറ്റണമെന്നു പറയുന്നത് ഒരു രാഷ്ട്രീയ നിലപാടല്ല. ഈ രീതിയിലെങ്കിലും മരിച്ച സൈനികരോട് ഐക്യദാര്‍ഢ്യപ്പെടുന്നുണ്ടെന്ന് കാണിക്കാനാണെന്നും സുപ്രിയോ പറഞ്ഞു.