Sorry, you need to enable JavaScript to visit this website.

യു.എസ് അധിനിവേശത്തിന് ശേഷം സദ്ദാം ഹുസൈന്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തു

റിയാദ് - അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന് ശേഷം മുന്‍പ്രസിഡന്റ് സദ്ദാം ഹുസൈന്‍ മൂസില്‍ നഗരത്തില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്ന് അധിനിവേഷത്തിന് ശേഷം  ഇറാഖ് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന പോള്‍ ബ്രീമെര്‍ വെളിപ്പെടുത്തി.
എം.ബി.സി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ ദിവസവും സിവില്‍, സൈനിക രഹസ്യാന്വേഷണ വിഭാഗങ്ങളോട് സദ്ദാമിനെ കുറിച്ച് വിവരം ആരായുമായിരുന്നു. പല സ്ഥലങ്ങളിലും കണ്ടുവെന്ന വിവരങ്ങള്‍ ലഭിക്കും. സൈനികര്‍ അവിടെയെത്തുമ്പോള്‍ അദ്ദേഹത്തെ കാണില്ല. ഡിസംബറില്‍ അദ്ദേഹം പിടിക്കപ്പെടും വരെ ഇങ്ങനെ വിവരങ്ങള്‍ ലഭിക്കുമായിരുന്നു.
സദ്ദാമിന്റെ മക്കള്‍, പേരമക്കള്‍, ബന്ധുക്കള്‍, ഭരണത്തിലെ ഉന്നതര്‍, പണ്ഡിതര്‍ അടക്കം 150 പേര്‍ക്ക് വേണ്ടി അമേരിക്ക ലൗക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇവരില്‍ പലരെയും പലസ്ഥലങ്ങളില്‍ വെച്ച് പിടികൂടി. ലിസ്റ്റിലുള്ളവരെ പിടികൂടുകയോ കൊല്ലുകയോ ആയിരുന്നു അമേരിക്കന്‍ സേനയുടെ ലക്ഷ്യം. പ്രസിഡന്റ് സദ്ദാം ഹുസൈനെ ഡിസംബറില്‍ പിടികൂടിയെങ്കിലും വൈസ് പ്രസിഡന്റ് ഇസ്സത്ത് ഇബ്രാഹീം അല്‍ദൗരി സിറിയയിലേക്ക് രക്ഷപ്പെട്ടെന്നാണ് വിവരം ലഭിച്ചത്. 2020ല്‍ ഇദ്ദേഹം മരിച്ചതായി കുടുംബം വെളിപ്പെടുത്തിയിരുന്നു. 150 പേരെ ലിസ്റ്റിലുള്‍പ്പെടുത്തിയത് അമേരിക്കന്‍ പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നുവെന്നും മറ്റൊരാള്‍ക്കും ആദ്യം ഇതേകുറിച്ച് അറിയില്ലായിരുന്നുവെന്നും ഇറാഖിലെത്തി ആറു മാസം കഴിഞ്ഞാണ് ലിസ്റ്റ് കയ്യില്‍ കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
ഇറാഖിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ഉയര്‍ച്ചക്ക് പദ്ധതിയൊരുക്കാനുള്ള ദൗത്യമാണ് ജോര്‍ജ് ബുഷ് എന്നെ ഏല്‍പ്പിച്ചിരുന്നതെന്നും സദ്ദാമിനെ പിടികൂടല്‍ തന്റെ ദൗത്യമായിരുന്നില്ലെന്നും പോള്‍ ബ്രീമെര്‍ പറഞ്ഞു.
അമേരിക്കയുടെ ഇറാഖ് അധിനിവേഷം ശരിയായിരുന്നുവെന്നും ഇറാഖി പൗരനായിരുന്നുവെങ്കില്‍ താന്‍ അത് സ്വാഗതം ചെയ്യുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇറാഖില്‍ നിന്ന് അമേരിക്ക പിന്‍മാറിയത് തെറ്റായ തീരുമാനമാണ്. പ്രസിഡന്റ് നൂരി മാലികി ഏകാധിപതിയായാണ് പെരുമാറുന്നത്. എല്ലാവരെയും ഉള്‍ക്കൊണ്ട് പോകാന്‍ അദ്ദേഹം തയ്യാറാകാത്തതാണ് ഇറാഖിലെ നിലവിലെ പ്രതിസന്ധി. എന്നാലും സദ്ദാമിന്റെയത്ര ഏകാധിപതിയല്ല മാലികി- അദ്ദേഹം പറഞ്ഞു.
ലണ്ടനില്‍ നടന്ന ഒരു ചടങ്ങില്‍ ഒരു ഇറാഖി പൗരന്‍ ബ്രീമെറെ ചെരിപ്പുകൊണ്ടെറിഞ്ഞിരുന്നു. സദ്ദാമിനും ഇറാഖി ജനതക്കും വേണ്ടിയാണ് എന്ന് പറഞ്ഞാണ് പോളിനെ എറിഞ്ഞത്.

ചിത്രം
 പോള്‍ ബ്രീമെര്‍

 

Latest News