പാറ്റ്‌ന- ബിഹാറിലെ ബെഗുസാരായ് ജില്ലയിലെ ബറോനിയിൽ തൊഴിലുടമയുടെ ഭാര്യയുമൊത്ത് ഒളിച്ചോടിയ 30കാരനെ ആൾക്കൂട്ടം മർദ്ദിച്ച് കണ്ണിൽ ആസിഡ് കുത്തിവച്ചു. യുവാവിനെ തന്ത്രപൂർവ്വം വിളിച്ചു വരുത്തിയാണ് ഒരു ചായക്കടയിലിട്ട് ആക്രമിച്ച് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയത്. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. സമസ്തിപൂർ ജില്ലക്കാരനായ യുവാവ് ബറോനി ഒരു ട്രാക്ടർ െ്രെഡവറായി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് കർഷകനായ ട്രാക്ടർ ഉടമയുടെ ഭാര്യയുമായി പ്രണയത്തിലായത്. തുടർന്ന് ഫെബ്രുവരി ആറിനാണ് ഇരുവരും ഒളിച്ചോടിയത്. തുടർന്ന് ഭാര്യയെ തട്ടിക്കൊണ്ടു പോയതായി ഭർത്താവ് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനിടെ വെള്ളിയാഴ്ച യുവതി പോലീസ് സ്‌റ്റേഷനിൽ ഹാജരായി. പിന്നീട് കോടതി ഭർത്താവിനൊപ്പം പോകാൻ ഉത്തരവിടുകയായിരുന്നു.
ഇതിനു ശേഷം ഭർതൃസഹോദരൻ െ്രെഡവറായ യുവാവിനെ തന്ത്രപൂർവം വിളിച്ചു വരുത്തി. യുവാവിനൊപ്പം കഴിയണമെന്ന് യുവതി ആവശ്യപ്പെട്ടുവെന്നും അവളെ കൂട്ടികൊണ്ടു പോകാൻ പോലീസ് സ്‌റ്റേഷനിൽ എത്തണമെന്നും അറിയിച്ചാണ് ഭർതൃസഹോദരൻ യുവാവിനെ ഫോൺ വിളിച്ചു വരുത്തിയത്. പോലീസ് സ്‌റ്റേഷനിലേക്കുള്ള വഴിയിൽ ഒരു കിലോമീറ്ററോളം അപ്പുറത്ത് പിപഡ ചൗക്ക് എന്ന സ്ഥലത്തു വച്ച് യുവാവിനെ 20ഓളം പേരടങ്ങുന്ന സംഘം പിടികൂടുകയും സമീപത്തെ ഒരു ചായക്കടയിലേക്ക് കൂട്ടി കൊണ്ടുപോയി മർദ്ദിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇതിനിടെ സിറിഞ്ച് ഉപയോഗിച്ച് കണ്ണിലക്ക് ആസിഡ് കുത്തിവയ്ക്കുകയും ചെയ്തു. മർദ്ദിച്ചവശനാക്കിയ യുവാവിനെ സംഘം മറ്റൊരിടത്ത് ഉപേക്ഷിച്ചു പോകുകയും ചെയ്തു. ഇതു വഴി വന്ന മറ്റൊരാളാണ് യുവാവിനെ ബെഗുസാരായിലെ ആശുപത്രിയിലെത്തിച്ചത്. കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതായി പോലീസ് അറിയിച്ചു. മറ്റു ആക്രമികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.