യാങ്കൂൺ- മ്യാൻമറിൽ പട്ടാള അട്ടിമറിയിലൂടെ ഭരണം നഷ്ടമായ ഓങ് സാൻ സൂചിയെ നാല് വർഷം തടവുശിക്ഷയ്ക്കു വിധിച്ചു. കലാപത്തിനു പ്രേരിപ്പിച്ചു, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പട്ടാള അട്ടിമറിയിലൂടെയാണ് ഓങ് സാൻ സൂ ചിക്ക് ഭരണം നഷ്ടപ്പെട്ടത്. ഇതിനു പിന്നാലെ ഇവരെ തടവിലാക്കിയിരുന്നു. വിവിധ കുറ്റങ്ങൾ ചുമത്തി ഒരു ഡസനിലേറെ കേസുകളാണ് സൂ ചിക്കെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
83% വോട്ടുകൾ നേടി സൂ ചിയുടെ കക്ഷിയായ നാഷനൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) വൻവിജയം നേടിയ കഴിഞ്ഞ നവംബറിലെ എട്ടിലെ പൊതുതിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ആരോപിച്ചാണു പട്ടാളം ഭരണം പിടിച്ചത്. പട്ടാളത്തിന്റെ പിന്തുണയുള്ള യൂണിയൻ സോളിഡാരിറ്റി, ഡവലപ്‌മെന്റ് പാർട്ടി എന്നിവയ്ക്ക് 476 സീറ്റിൽ ആകെ 33 സീറ്റ് മാത്രമാണു ലഭിച്ചത്.